
ജമ്മുവില്‍ ബാരാമുള്ള ജില്ലയിലെ കാട്ടിലൊളിച്ച ഭീകരര്‍ക്കുവേണ്ടി സുരക്ഷാ സേന
രണ്ടുദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ ഒമ്പത് ഭീകരരെയും മറ്റൊരു ആക്രമണത്തില്‍
നാലു ഭീകരരെയും വധിച്ചു. ബാരാമുള്ള ജില്ലയില്‍ വ്യാഴാഴ്ച രാവിലെ അഞ്ചു ഭീകരരെ
വെടിവച്ചുകൊല്ലുകയായിരുന്നു. ബുധനാഴ്ച നാലു ഭീകരരെ വധിച്ചിരുന്നു. ഭീകരരും
സൈന്യവുമായി ഏറ്റുമുട്ടല്‍ ഏറെനേരം നീണ്ടുനിന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന
വിവരം ലഭിച്ച പട്ടാളം ലഡൂരാ വനത്തില്‍ തിങ്കളാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്.
ബുധനാഴ്ച നാലുപേരെ വധിച്ചെങ്കിലും കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നു
ബോധ്യപ്പെട്ടതോടെ തിരച്ചില്‍ തുടരുകയായിരുന്നു. സൈന്യം തിരച്ചില്‍
അവസാനിപ്പിച്ചിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ഉത്തരകാഷ്മീരിലെ ബന്ദിപ്പോര
ജില്ലയില്‍ ഗുരേഷ് സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം പാക് ഭീകരരുടെ
നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ മേജര്‍ അടക്കം നാല് സൈനികര്‍
വീരമൃത്യുവരിച്ചിരുന്നു. നാലു ഭീകരരെയും സൈന്യം വധിച്ചു.
അതിര്‍ത്തിക്കപ്പുറത്തുനിന്നു പാക്ക് സൈന്യം വെടിയുതിര്‍ക്കുന്നതിനിടെ
ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഭീകരരുടെ ശ്രമം.