Breaking News

Trending right now:
Description
 
Aug 09, 2018

വായ്‌പാ തട്ടിപ്പ്‌: ഫാ.പീലിയാനിക്കലിന്‌ കൂദാശവിലക്ക്‌

image കുട്ടനാട്‌ വികസന സമിതിയുടെ പേരില്‍ കാര്‍ഷിക വായ്‌പ തട്ടിപ്പുനടത്തിയ കേസില്‍ പ്രതിയായ ഫാ.തോമസ്‌ പീലിയാനിക്കലിനെ കൂദാശയും പൗരോഹിത്യ ശുശ്രൂഷകളും നിര്‍വഹിക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ്‌ തീരുമാനം എടുത്തത്‌. അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മധ്യസ്ഥനില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. പെരുമാറ്റദൂഷ്യം മൂലം 2018 ജൂലൈ 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍നിന്നും കൂദാശകള്‍ പരികര്‍മം ചെയ്യുന്നതില്‍നിന്നും ഫാ.തോമസ്‌ പീലിയാനിക്കലിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കുന്നതിന്‌ ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിനില്‍ പറയുന്നു. കുട്ടനാട്‌ വികസന സമിതി എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ സ്ഥാനത്തുനിന്നും തെക്കേക്കര പള്ളി വികാരി സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നേരത്തെ അതിരൂപത നീക്കിയിരുന്നു. കുട്ടനാട്‌ തട്ടിപ്പുകേസിലെ ആറുപ്രതികളില്‍ ഫാ.തോമസ്‌ പീലിയാനിക്കലിനെ മാത്രമേ അറസ്റ്റു ചെയ്‌തിട്ടുള്ളൂ. ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള മറ്റുപ്രതികളെ പൊലീസ്‌ വേണ്ടത്ര ഉത്സാഹം കാട്ടിയില്ലെന്നാണ്‌ ആരോപണം. ഈ പ്രതികള്‍ ഒളിവിലാണ്‌. സ്വയംസഹായ സംഘങ്ങളുടെ പേരില്‍ എടുത്ത കാര്‍ഷിക വായ്‌പയിലെ ക്രമക്കേട്‌ കേസില്‍ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌ത ഫാ.തോമസ്‌ പീലിയാനിക്കലിന്‌ പിന്നീട്‌ ജാമ്യം ലഭിച്ചിരുന്നു.