Breaking News

Trending right now:
Description
 
Aug 09, 2018

കനത്തമഴ: നാലു ജില്ലകളില്‍ ഉരുള്‍പൊട്ടി; എട്ടു മരണം

image സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ വീണ്ടും മഴ ശക്തിപ്രാപിച്ചു. ഇടുക്കി, കോഴിക്കോട്‌, വയനാട്‌, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടി. ഈ ജില്ലകളിലെ ഉയര്‍ന്നപ്രദേശത്ത്‌ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്‌. മലയോരമേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും എട്ടുപേര്‍ മരിച്ചു. 14 പേരെ കാണാതായി. ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേരും വയനാട്‌ വൈത്തിരിയിലും മലപ്പുറം ചെട്ടിയം പറമ്പിലും ഓരോരുത്തര്‍ വീതവും മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. വയനാട്‌ വൈത്തിരിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ സമീപത്തെ പൊലീസ്‌ സ്റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. താമരശേരി ചുരത്തില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. റോഡിലേക്ക്‌ മണ്ണ്‌ ഒലിച്ചെത്തിയതിനാല്‍ കോഴിക്കോട്‌ -മൈസൂര്‍ പാതയില്‍ വാഹനഗതാഗതം താറുമാറായി. കുറ്റിയാടി ചുരത്തിലും മണ്ണിടിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടിരുന്നു. കോഴിക്കോട്‌ വനമേഖല കേന്ദ്രീകരിച്ച്‌ 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. ഒരു കുട്ടിയെ കാണാതായി. കാര്‍ ഒലിച്ചുപോയി. മലപ്പുറം കാളികാവ്‌ കരുവാരക്കുണ്ടിലും ഉള്‍പൊട്ടലുണ്ടായി. ഇവിടങ്ങളിലെ നിരവധി വീടുക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണ്‌ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്‌ ജില്ലയിലും കനത്തനാശമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ശക്തമായ മഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം തുറന്നു.