
തമിഴ്നാട് മുന്‍
മുഖ്യന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനി ഇനി കണ്ണീരോര്‍മ. മറീനബീച്ചില്‍
മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ഗുരുവുമായ അണ്ണാദുരൈയുടെ സ്മാരകത്തിനു സമീപം
ഇന്നലെ രാത്രി ഏഴോടെയായിരുന്നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
കുടുംബാംഗങ്ങള്‍ അന്ത്യോപചാരമര്പ്പിച്ചതിനുശേഷം സൈന്യം ആചാരവെടിമുഴക്കി. നേരത്തെ,
രാജാജി ഹാളിലെ പൊതുദര്‍ശനവേളയില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ്
എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍മരിച്ചു. നാല്പതോളം പേര്‍ക്ക്
പരുക്കേറ്റു. മുദ്രാവാക്യം വിളിച്ചും നെഞ്ചത്തടിച്ചു നിലവിളിച്ചും എത്തിയ
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പലതവണ പൊലീസിന് ലാത്തിചാര്‍ജ് നടത്തേണ്ടിവന്നു.
തലൈവര്‍ വാഴ്ക മുദ്രാവാക്യംവിളികള്ക്കിടയിലൂടെ രാജപ്രൗഡിയോടെയാണ് പുഷ്പമഞ്ചം
രാജാജി നഗറില്‍നിന്നു മറീന ബീച്ചിലെത്തിയത്. കറുത്ത കണ്ണടയും മഞ്ഞഷാളും ധരിച്ച്
ത്രിവര്‍ണ്ണപ്പതാക പുതപ്പിച്ചായിരുന്നു മൃതദേഹം പ്രത്യേക അലങ്കരിച്ച വാഹനത്തില്‍
മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. അദ്ദേഹം 30 വര്‍ഷം മുമ്പ് കുറിച്ച
വാചകമായിരുന്നു അന്ത്യയാത്രാ പേടകത്തില്‍ കുറിച്ചിരുന്നത്. ഓയ്വെടുക്കാമല്
ഉഴൈത്തവന്‍ ഇതോ ഓയ്വു കൊണ്ടിരുക്കിറാന് (വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഒരാള്‍
ഇവിടെ അവസാനമായി വിശ്രമിക്കുന്നു). എന്നായിരുന്നു അത്. പ്രധാനമന്ത്രി
നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി
എച്ച്.ഡി.ദേവഗൗഡ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള
മുഖ്യമന്ത്രിമാര്‍, കേരളാ ഗവര്‍ണര്‍ പി.സദാശിവം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള
പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഇതിനിടെ, കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍
സംസ്കരിക്കുന്നതിനെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മദ്രാസ് ഹൈക്കോടതിവരെ
എത്തുകയും ചെയ്തു. മറീന ബീച്ചില്‍ സംസ്കരിക്കണമെന്നുള്ള ഡിഎംകെയുടെ ആവശ്യം കോടതി
അംഗീകരിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.