Breaking News

Trending right now:
Description
 
Aug 09, 2018

നെഹ്‌റു ട്രോഫിയിലെ പൊലീസ്‌ ടീം: ശ്രമം തുടങ്ങിയതു കുട്ടനാട്ടുകാരന്‍ ഉദ്യോഗസ്ഥന്‍

image ആലപ്പുഴ: ലോകപ്രശസ്‌തമായ ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കേരള പൊലീസ്‌ ടീമിനെ പങ്കെടുപ്പിക്കാനുള്ള ശ്രമം തുടങ്ങിയതു കുട്ടനാട്ടുകാരനായ മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍. സര്‍വീസില്‍നിന്നു വിരമിക്കുന്നതുവരെ ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചുവെങ്കിലും പിന്നെയും രണ്ടു പതിറ്റാണ്ടു കഴിയേണ്ടിവന്നു ഈ വര്‍ഷത്തെ 66-ാമത്തെ ജലോത്സവത്തില്‍ അതു പ്രാവര്‍ത്തികമാകാന്‍ എന്നുമാത്രം. നെഹ്‌റു ട്രോഫി വള്ളംകളി ഈവര്‍ഷം മുതല്‍ ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗ്‌ അടിസ്ഥാനത്തില്‍ നടത്തുന്നതു കളിക്കു മാറ്റുകൂട്ടുകയും ചെയ്യും. ചമ്പക്കുളം മൂലം വള്ളംകളിയില്‍ ഈ വര്‍ഷം പൊലീസ്‌ ടീം പങ്കെടുത്തിരുന്നു. ഈ സീസണിലെ മറ്റു പല കളികളിലും ഇനി മാറ്റുരയ്‌ക്കും.

ഇപ്പോള്‍ തിരുവനന്തപുരം കവടിയാറില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേഡ്‌ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ എടത്വ ചെക്കിടിക്കാട്‌ കരിക്കംപള്ളില്‍ പി.വി.തോമസാണ്‌ വള്ളംകളിയില്‍ പൊലീസ്‌ ടീമിനെ ഉള്‍പ്പെടുത്തുന്ന കാര്യം ചിന്തിച്ചു തുടങ്ങി മേലധികാരികളുമായി ആശയവിനിമയം ആരംഭിച്ചത്‌. വീടിനു മുന്നിലൂടെ തൊട്ടുചേര്‍ന്നൊഴുകുന്ന പമ്പയാറ്റില്‍ നാനാജാതിമതസ്ഥരെ പങ്കെടുപ്പിച്ചു ചെറുജലോത്സവങ്ങള്‍ സംഘടിപ്പിച്ചും പങ്കെടുത്തുമുള്ള ചെറുപ്പകാലത്തിലെ ആവേശത്തിന്റെ തുടര്‍ച്ചയായിരുന്നു സര്‍വീസിലായിരുന്നപ്പോഴും മികച്ച കായികതാരമായിരുന്ന പി.വി.തോമസിന്റെ മനസിലുണ്ടായിരുന്നത്‌.

നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ചുണ്ടന്‍ വള്ളം തുഴയുന്നതിനു പൊലീസ്‌ സേനാംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആശയം എണ്‍പതുകളിലാണ്‌ പി.വി.തോമസിനുണ്ടാകുന്നത്‌. അക്കാര്യം അക്കാലത്തെ ഡിജിപി എം.കെ.ജോസഫുമായി ചര്‍ച്ച ചെയ്‌തു. എന്നാല്‍ പല കാരണങ്ങളാലും ഫലപ്രാപ്‌തിയിലെത്തിയില്ല. എന്നിരുന്നാലും ആശ കൈവിടാതെ പറ്റുന്നയിടങ്ങളില്‍ ഇക്കാര്യം തുടര്‍ന്നും അവതരിപ്പിച്ചുകൊണ്ടിരുന്നു. ആയിരക്കണക്കിനു ആള്‍ക്കാരുടെ സ്‌നേഹം പിടിച്ചുപറ്റാനും അതേസമയം പൊലീസിന്റെ കരുത്തുതെളിയിക്കാനും ഇതിനാകുമെന്നു പി.വി.തോമസ്‌ വിശ്വസിക്കുന്നു.

ഏതായാലും ഈ വര്‍ഷം പൊലീസ്‌ ടീം പ്രാവര്‍ത്തികമായപ്പോള്‍ എതിര്‍പ്പുകളും അതിനോടൊപ്പം ഉടലെടുത്തുവെന്നുള്ളതു മറ്റൊരു കാര്യം. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്ന പോലീസുകാര്‍ ടീമുണ്ടാക്കിയാല്‍ അവര്‍ക്കു മത്സരത്തില്‍ മുന്‍തൂക്കം കിട്ടുമെന്നായിരുന്നു എതിര്‍പ്പുകാരുടെ വാദം. എങ്ങനെയായാലും അതാതിനങ്ങളില്‍ മികച്ച പരിശീലനം നേടുന്ന ടീമുകളാണ്‌ മത്സരങ്ങളില്‍ വിജയിക്കുകയെന്നു പി.വി.തോമസ്‌ ചൂണ്ടിക്കാട്ടുന്നു. വള്ളംകളിയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും തന്നെ ദിവസവും കായികമായി ഏതെങ്കിലും രീതിയില്‍ അധ്വാനിക്കുന്നവരാണ്‌. എന്നുതന്നെയുമല്ല, ഫുട്‌ബോളും ബാസ്‌ക്കറ്റ്‌ബോളും അടക്കമുള്ള ഗയിമുകളില്‍ പൊലീസ്‌ ടീം മറ്റുള്ള ടീമുകളോട്‌ എത്രയോ കാലങ്ങളായി മത്സരിക്കുന്നുണ്ടുതാനും.

എസ്‌എപി തിരുവനന്തപുരം സബ്‌ ഇന്‍സ്‌പെക്ടറായി 1962 ഫെബ്രുവരി ഒന്നിനാണ്‌ പി.വി.തോമസ്‌ സായുധ പൊലീസില്‍ ചേര്‍ന്നത്‌. പ്രഗത്ഭരായ മരിയാര്‍ പൂതം വി., കുഞ്ഞിപ്പക്കി സി.ഒ.ടി തുടങ്ങിയവരുള്‍പ്പെട്ട പി.എസ്‌.സി അംഗങ്ങളുടെ മുമ്പിലെത്തിയ നാനൂറു പേരില്‍ ഒന്നാം റാങ്കുകാരനായാണ്‌ നിയമനം ലഭിച്ചത്‌. പൊലീസില്‍ കയറുന്നതിനു മുന്‍പു തന്നെ കേരളത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ കളിക്കാരനും അത്‌ലറ്റുമായിരുന്നു. പോലീസ്‌ ട്രെയിനിംഗിന്റെ കാലത്തും പിന്നീടും സംസ്ഥാന, ദേശീയ പൊലീസ്‌ മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ട്രോഫികള്‍ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്‌. 1965-ലും 69-ലും സംസ്ഥാന പൊലീസ്‌ അത്‌ലറ്റിക്‌ വ്യക്തിഗത ചാമ്പ്യനായിരുന്നു.

ഒന്നാം റാങ്കിന്റെ കാര്യത്തിലെന്ന പോലെ സേവനകാലയളവില്‍ പല കാര്യങ്ങളിലും ഒന്നാമന്‍, ഏക ഉദ്യോഗസ്ഥന്‍ എന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്തിയ പി.വി.തോമസ്‌, റിട്ടയര്‍ ചെയ്‌തിട്ടു പുനഃനിയമനം ലഭിച്ച ആദ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്നു. മൂന്നു വര്‍ഷം ഐപിഎസ്‌ പട്ടികയില്‍ ഉണ്ടായിരുന്നതിനു ശേഷമായിരുന്നു അത്‌.

ഇന്ത്യന്‍ പ്രസിഡന്റിനു ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‌കിയ ആദ്യ പോലീസ്‌ ഉദ്യോഗസ്ഥന്‍ (പട്ടാളമാണ്‌ സാധാരണ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‌കുന്നത്‌), എസ്‌.ഐമാരുടെ വലിയ ബാച്ചുകളുടെ പരിശീലകന്‍, കേരളത്തിലെ ഏഴു സായുധ ബറ്റാലിയനുകളിലും കമാന്‍ഡാന്റ്‌ ആയി സേവനമനുഷ്‌ഠിച്ചിട്ടുള്ള ഏക ഉദ്യോഗസ്ഥന്‍, വോളിബോള്‍ കളിക്കാരനും ടീം ക്യാപ്‌റ്റനും മാനേജരും കോച്ചുമായിരുന്നിട്ടുള്ള വ്യക്തി (കോളജ്‌ പഠനകാലത്ത്‌ കേരള സര്‍വകലാശാല വോളിബോള്‍ ടീം ക്യാപ്‌റ്റനായിരുന്നു). അങ്ങനെ പോകുന്നു ഒന്നാംനിര സ്ഥാനങ്ങള്‍. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നാടുനീങ്ങിയപ്പോള്‍ ഫ്യൂണറല്‍ പരേഡ്‌ നയിച്ച പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌.

ഗവണ്മെന്റ്‌ സെക്രട്ടേറിയറ്റ്‌ ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍, കേരള നിയമസഭാ ചീഫ്‌ മാര്‍ഷല്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ നിന്നു മാര്‍ഷ്യല്‍ ആര്‍ട്‌്‌സില്‍ ഉന്നതവിജയം നേടിയിട്ടുള്ള പി.വി.തോമസ്‌ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പോലീസ്‌ ട്രെയിനിംഗ്‌ കോളജ്‌ പ്രിന്‍സിപ്പാള്‍, മൂലമറ്റം ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ട്‌ നിര്‍മാണ വേളയില്‍ അസിസ്‌റ്റന്റ്‌ സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

വിശിഷ്ട സേവനത്തിനുള്ള പ്രസിഡന്റിന്റെ പൊലീസ്‌ മെഡല്‍ 1990-ല്‍ ലഭിച്ചു. പെരുമണ്‍ തീവണ്ടി അപകടവേളയില്‍ രാപകല്‍ തുടര്‍ച്ചയായി രണ്ടു ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തപ്പോള്‍ സഹായമായത്‌ വെള്ളത്തില്‍ പരിചയിച്ചിട്ടുള്ള കുട്ടനാടന്‍ ജീവിത പശ്ചാത്തലമാണ്‌. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുബയോഗം രക്ഷാധികാരി കൂടിയാണ്‌ പി.വി.തോമസ്‌. കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകനും കായികാഭ്യാസിയും കളരിവിദഗ്‌ധനുമായിരുന്ന പരേതനായ കരിക്കംപള്ളില്‍ വക്കച്ചന്റെ മകനാണ്‌ 1997 മേയ്‌ 31-നു റിട്ടയര്‍ ചെയ്‌ത പി.വി.തോമസ്‌. തിരുവനന്തപുരം ആര്‍എല്‍ഒ അസിസ്റ്റന്റ്‌ മാനേജരായിരുന്ന മേരി പി. അഗസ്റ്റിനാണ്‌ ഭാര്യ. തിരുവനന്തപുരത്ത്‌ ബാങ്ക്‌ ഉദ്യോഗസ്ഥനായ വിനോദ്‌ ജോര്‍ജ്‌ തോമസും ആലപ്പുഴ ഗവണ്മെന്റ്‌ ടി.ഡി.മെഡിക്കല്‍ കോളജ്‌ അസിസ്‌്‌റ്റന്റ്‌ പ്രൊഫസര്‍ (ഓപ്‌താല്‍മോളജി) ഡോ.ലീമ റോസ്‌ തോമസും മക്കള്‍.