Breaking News

Trending right now:
Description
 
Aug 08, 2018

കോടതി വിധിച്ചു; കരുണാനിധിയുടെ സംസ്‌കാരം മറീനബീച്ചില്‍

image അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട്‌ ഡിഎംകെയും സര്‍ക്കാരുമായി ഉണ്ടായ തര്‍ക്കത്തില്‍ വിജയം ഡിഎംകെയ്‌ക്ക്‌. കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ്‌ ഹൈക്കോടതി വിധിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമായിരുന്നു വിധി. ചൊവ്വാഴ്‌ച രാത്രി 10.30 മുതല്‍ തുടങ്ങിയ വാദം ഇന്നുപുലര്‍ച്ചെ ഒന്നേകാല്‍വരെ നീണ്ടുനിന്നുവെങ്കിലും വിധി പറയുന്നത്‌ രാവിലത്തേക്ക്‌ മാറ്റുകയായിരുന്നു. മറീനയിലെ സംസ്‌കാരചടങ്ങുകള്‍ സംബന്ധിച്ച്‌ സമര്‍പ്പിക്കപ്പെട്ടിരുന്ന അഞ്ചു ഹര്‍ജികളും രാവിലെതന്നെ പിന്‍വലിച്ചതോടെയാണ്‌ വിധി ഉണ്ടായത്‌. വാദത്തിനിടെ ജയലളിതയുടെ സ്‌മാരം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ നിലപാട്‌ എന്തായിരുന്നുവെന്ന്‌ കോടതി ചോദിച്ചു. മറീനബീച്ചില്‍ അണ്ണാ സ്‌മാരകത്തില്‍ ഇടമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുവാദം. അതിനുപുറമേ പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ മുഖ്യമന്ത്രിക്ക്‌ അവിടെ സംസ്‌കാരത്തിന്‌ സൗകര്യമൊരുക്കുന്നതിന്‌ നിയമമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജികള്‍ പിന്‍വലിക്കപ്പെട്ടതോടെ സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനായില്ല. എംജി ആറിനും ജയലളിതയ്‌ക്കും ലഭിച്ച നീതി കരുണാനിധിക്ക്‌ ലഭിച്ചില്ലെന്നു ഡിഎംകെ അഭിഭാഷകന്‍ വാദിച്ചിരുന്നു. മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്‌. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുവാദം നിഷേധിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിലപാടിനെതിരെ വിവിധയിടങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.