Breaking News

Trending right now:
Description
 
Aug 08, 2018

മത്സ്യബന്ധനബോട്ടില്‍ കപ്പല്‍ ഇടിച്ചു; മൂന്നുമരണം; ഒമ്പതുപേരെ കാണാതായി

image കേരളതീരത്ത്‌ ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു. മലയാളി അടക്കം ഒമ്പതുപേരെ കാണാതായി. രണ്ടുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട്‌ മുള്ളൂര്‍ത്തറ സ്വദേശി സഹായരാജ്‌ (57), രാമന്‍തുറ സ്വദേശി യുഗനാഥന്‍ (45), യാക്കൂബ്‌ (57) എന്നിവരാണ്‌ മരിച്ചത്‌. രക്ഷാപ്രവര്‍ത്തകരാണ്‌ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. എറണാകുളം പറവൂര്‍സ്വദേശി ഷിജുവാണ്‌ (39) കടലില്‍ കാണാതായ മലയാളി. ഇതരസംസ്ഥാന തൊഴിലാളികളായ ബോട്ട്‌ സ്രാങ്ക്‌ യേശുപാലന്‍, രാജേഷ്‌, ദിനേഷ്‌, പോള്‍സണ്‍, അരുണ്‍, ശലമോന്‍, സഹായരാജ്‌, ബീപൂര്‍ എന്നിവരാണ്‌ കണാതായ മറ്റുള്ളവര്‍. കുളച്ചില്‍ സ്വദേശി എഡ്‌ വിന്‍, കൊല്‍ക്കത്ത സ്വദേശി നരന്‍ സര്‍ക്കാര്‍ എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌. തൃശൂര്‍ നാട്ടികയ്‌ക്കും ചേറ്റുവയ്‌ക്കും പടിഞ്ഞാറ്‌ 24 നോട്ടിക്കല്‍ മൈല്‍ അകലെ ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഷിപ്പിങ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ എംവി ദേശശക്തി എന്ന കപ്പലാണ്‌ അപകടസമയത്ത്‌ ഇതുവഴി കടന്നുപോയത്‌. അപകടസമയത്ത്‌ എഡ്‌ വിന്‍ ആയിരുന്നു ബോട്ട്‌ ഓടിച്ചിരുന്നത്‌. ബാക്കിയുള്ളവര്‍ ഉറക്കത്തിലായിരുന്നു. മുനമ്പം സ്വദേശി സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനിക്‌ എന്ന മീന്‍പിടുത്തബോട്ടാണ്‌ ദുരന്തത്തില്‍പെട്ടത്‌. അപകടത്തെതുടര്‍ന്ന്‌ കപ്പല്‍ നിര്‍ത്താതെ പോയെന്നാണ്‌ രക്ഷപ്പെട്ടവര്‍ പൊലീസിന്‌ നല്‍കിയ മൊഴി. കപ്പല്‍ ഇടിച്ചുതകര്‍ന്ന ബോട്ട്‌ മുങ്ങിപ്പോയി. കടലിലുണ്ടായിരുന്ന മറ്റു ബോട്ടുകളിലെ തൊളിലാളികളാണ്‌ അപകടവിവരം ആദ്യം ആറിഞ്ഞത്‌. ഇവര്‍ നടത്തിയ തിരച്ചിലില്‍ എഡ്‌ വിന്‍, നരന്‍സര്‍ക്കാര്‍ എന്നിവര്‍ ബോട്ടിന്റെ പലകയില്‍ പിടിച്ചുകിടക്കുന്നതു കണ്ടു. മൂന്നുമണിക്കൂറോളം ഇവര്‍ ഇങ്ങനെ കിടക്കുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതിനുശേഷം നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌.