
കരുണാനിധിയുടെ
സംസ്കാരസ്ഥലം സംബന്ധിച്ച് എടപ്പാടി പളനിസ്വാമി സര്‍ക്കാരും ഡിഎംകെയും
തമ്മിലുണ്ടായ തര്‍ക്കം മദ്രാസ് ഹൈക്കോടതിവരെയെത്തി. എം.ജി.രാമചന്ദ്രനും ജയലളിതയും
സി.എന്‍.അണ്ണാദുരൈയും അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചില്‍ സംസ്കാരം വേണമെന്ന
ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തതോടെ കോടതിയെ സമീപിക്കുകയായിരുന്നു. രാത്രി
10.30ന് തുടങ്ങിയ വാദം ഇന്നു പുലര്‍ച്ചെ ഒന്നേകാല്‍വരെ തുടര്‍ന്നെങ്കിലും
തീരുമാനമെടുക്കാനായില്ല. മറീനയില്‍ സംസ്കാരം പാടില്ലെന്നാവശ്യപ്പെട്ട്
ഹൈക്കോടതിയില്‍ ഒട്ടേറെ ഹര്ജികളുണ്ടെന്നാണു സര്‍ക്കാരിന്റെ നിലപാട്.
കരുണാനിധിക്കായി അഡയാറില്‍ അണ്ണാ സര്‍വകലാശാലയ്ക്കു സമീപം ഗാന്ധി മണ്ഡപത്തില്‍
രണ്ടേക്കര്‍ സ്ഥലം വിട്ടുനല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെ കേസ് വീണ്ടും കോടതി പരിഗണിക്കും. സംസ്കാരത്തെ ചൊല്ലിയുള്ള തര്‍ക്കം
തമിഴ്നാട് മുഴുവന്‍ വ്യാപിക്കുകയും ചെയ്തു. തെരുവിലിറങ്ങിയ ഡിഎംകെ അണികളും
പൊലീസുമായി സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായി.