Breaking News

Trending right now:
Description
 
Aug 08, 2018

തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി കരുണാനിധി വിടവാങ്ങി

image തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധി (94) വിടവാങ്ങി. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.10നാണ്‌ മരണം സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. രക്തസമ്മര്‍ദം താഴ്‌ന്നതിനെത്തുടര്‍ന്ന്‌ രണ്ടാഴ്‌ചമുമ്പാണ്‌ ചികിത്സതേടിയത്‌. പനിയും അണുബാധയും മൂലം അതീവഗുരുതരാവസ്ഥയിലായിരുന്നു കരുണാനിധി. കഴിഞ്ഞദിവസം മുതല്‍ മരുന്നുകളോട്‌ പ്രതിരോധിക്കാതെവന്നതോടെ വരുന്ന 24 മണിക്കൂര്‍ നിര്‍ണായകമാണെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഡിഎംകെ അധ്യക്ഷപദവിയില്‍ 49 വര്‍ഷം കരുണാനിധി പൂര്‍ത്തിയാക്കിയത്‌ രണ്ടാഴ്‌ചമുമ്പാണ്‌. വിവിധ രോഗങ്ങളാല്‍ രണ്ടുവര്‍ഷമായി പൂര്‍ണവിശ്രമത്തിലായിരുന്നു. ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ അദ്ദേഹം 18 വര്‍ഷവും ഒമ്പത്‌ മാസവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍കാരം സംസ്ഥാനം ഭരിച്ചുവെന്ന റിക്കാര്‍ഡും അദ്ദേഹത്തിനാണ്‌. സാഹിത്യപ്രതിഭ, തിരക്കഥാകൃത്‌ എന്നീനിലകളിലും ശ്രദ്ധിക്കപ്പെട്ടു. പരേതയായ പത്മാവതി അമ്മാള്‍, ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍ എന്നിവര്‍ കരുണാനിധിയുടെ ഭാര്യമാരാണ്‌. മുന്‍ കേന്ദ്രമന്ത്രി എം.കെ.അഴഗിരി, ഡിഎംകെ വര്‍ക്കിങ്‌ പ്രസിഡന്റ്‌ എം.കെ.സ്റ്റാലിന്‍, എം.കെ.തമിഴരശ്‌, എം.കെ.സെല്‍വി, എം.കെ.കനിമൊഴി എംപി എന്നിവര്‍ മക്കളാണ്‌. കരുണാനിധിയുടെ വിയോഗം അറിഞ്ഞ്‌ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍, ജില്ലാനേതാക്കള്‍, പ്രാദേശിക നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, നൂറുകണക്കിന്‌ സാധാരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തിയിരുന്നു. 1924-ല്‍ നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിലാണ്‌ ജനനം. ദക്ഷിണാമൂര്‍ത്തിയെന്നാണ്‌ മാതാപിതാക്കള്‍ അദ്ദേഹത്തിനു നല്‍കിയ പേര്‌.