Breaking News

Trending right now:
Description
 
Aug 07, 2018

ബോംബ്‌ സ്‌ഫോടനം നടത്തി രാഷ്ട്രപതിയെ വധിക്കുമെന്ന്‌ ഭീഷണി: പൂജാരി അറസ്റ്റില്‍

image തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജിലെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യാന്‍ രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌ എത്തുമ്പോള്‍ കോളജ്‌ ബോംബ്‌ വച്ചു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയ പൂജാരിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പേനകം കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലെ പൂജാരി പാവറാട്ടി അന്നകര മടിമുകളില്ലത്ത്‌ ജയരാമന്‍ എമ്പ്രാന്തിരി (42) ആണ്‌ അറസ്റ്റിലായത്‌. സ്‌പെഷല്‍ ബ്രാഞ്ച്‌ പൊലീസ്‌ ഇയാളുടെ വീട്ടിലെത്തിയാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ ഒരുമണിക്ക്‌ തൃശൂര്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു ഫോണില്‍ ഭീഷണിവിളി എത്തിയത്‌. ഫോണ്‍കോള്‍ വന്നയുടന്‍ വിളിച്ച നമ്പര്‍ പൊലീസ്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ്‌ ജയരാമന്‍ എമ്പ്രാന്തിരിയുടെ അറസ്റ്റില്‍ എത്തിച്ചത്‌. സെന്റ്‌ തോമസ്‌ കോളജിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കുന്നതിന്റെ എതിര്‍പ്പാണ്‌ ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍വിളിക്കു ഇടയാക്കിയതെന്നു പൊലീസ്‌ വ്യക്തമാക്കി. മദ്യലഹരിയില്‍ കുഴഞ്ഞ ശബ്ദത്തിലായിരുന്നു ഫോണ്‍വിളി വന്നത്‌. ഇയാള്‍ക്ക്‌ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ്‌ സ്ഥിരീകരിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ്‌ ഒരുക്കിയിരുന്നു. കോളജിന്റെ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ രാഷ്ട്രപതി മടങ്ങുകയും ചെയ്‌തു.