Breaking News

Trending right now:
Description
 
Aug 07, 2018

മോട്ടോര്‍ വാഹനപണിമുടക്ക്‌: കേരളം സ്‌തംഭിച്ചു

image മോട്ടോര്‍ വാഹന നിയമ ഭേഗതി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം സ്‌തംഭിച്ചു. ദേശീയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക്‌ ഇന്നു അര്‍ധരാത്രിവരെ നീളും. പണിമുടക്കില്‍ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യബസുകള്‍, ചരക്കുലോറികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്‌. കെഎസ്‌ആര്‍ടിസി ബസുകളും നിരത്തിലിറങ്ങില്ല. പണിമുടക്കില്‍ ബിഎംഎസ്‌ യൂണിയന്‍ പങ്കെടുക്കില്ല. ഇതേ ആവശ്യം ഉന്നയിച്ച്‌ പണിമുടക്ക്‌ നടത്തുന്നത്‌ ഇതു രണ്ടാംതവണയാണ്‌. പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഡ്രൈവിങ്‌ സ്‌കൂള്‍, ഓട്ടോമൊബൈല്‍ വര്‍ക്‌ ഷോപ്പുകള്‍, വാഹനഷോറൂമുകള്‍, പഴയ വാഹനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സി കേന്ദ്രങ്ങള്‍, സ്‌പെയര്‍പാര്‍ട്‌സ്‌ വിപണന ശാലകള്‍ എന്നിവയും ഇന്നു പ്രവര്‍ത്തിക്കില്ല. ചെറുകിടവ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്‌. സ്വകാര്യവാഹനങ്ങള്‍ മാത്രമേ നിരത്തിലുള്ളൂ. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവാണ്‌. ഹര്‍ത്താലിന്‌ സമാനമായി വാഹനപണിമുടക്ക്‌. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളില്‍ വാഹനപണിമുടക്ക്‌ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കേരളത്തില്‍ ഇന്നു നടക്കാനിരുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്‌. എംജി, കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകളുടെ പരീക്ഷകളാണ്‌ മാറ്റിവച്ചത്‌. ഇന്നത്തെ പ്ലസ്‌ വണ്‍ ഇംപ്രൂവ്‌മെന്റ്‌ / സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തിയതിയിലേക്ക്‌ മാറ്റി. ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ്‌ പ്രഫസര്‍ ഇന്‍ ന്യൂറോസര്‍ജറി തസ്‌തികയിലേക്കുള്ള ഇന്നത്തെ പിഎസ്‌ സി ഓണ്‍ലൈന്‍ പരീക്ഷയ്‌ക്കു മാറ്റമില്ല.