Breaking News

Trending right now:
Description
 
Aug 06, 2018

ജഡ്‌ജിയുടെ നിര്‍ദേശപ്രകാരം പ്രതിയുടെ വായില്‍ ടേപ്പ്‌ ഒട്ടിച്ചു

image യുഎസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാന്‍ഡിലെ കോടതിമുറിയില്‍ വിചാരണയ്‌ക്ക്‌ എത്തിച്ച മോഷണക്കേസിലെ പ്രതിയുടെ വായ്‌ അടപ്പിക്കാന്‍ പൊലീസുകാര്‍ക്ക്‌ ടേപ്പ്‌ ഒട്ടിക്കേണ്ടിവന്നു. മോഷണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ വിചാരണ നേരിട്ട ഫ്രാങ്ക്‌ളിന്‍ വില്യംസിന്റെ (32) വായിലാണ്‌ ടേപ്പ്‌ ഒട്ടിച്ചത്‌. വാദം നടക്കുന്നതിനിടെ ഇടയ്‌ക്കുകയറി സംസാരിച്ച ഫ്രാങ്ക്‌ളിനോട്‌ മിണ്ടാതിരിക്കാന്‍ ജഡ്‌ജി ജോണ്‍ റൂസോ പലതവണ ആവശ്യപ്പെട്ടു. വാദിഭാഗത്തിനു പറയാനുള്ളതുകേട്ടിട്ട്‌ അവസരം നല്‍കാമെന്നു അറിയിച്ചിരുന്നു. ഇതൊന്നും വകവയ്‌ക്കാതെ ഫ്രാങ്ക്‌ളിന്‍ സംസാരം തുടര്‍ന്നു. ഇതോടെ ജഡ്‌ജി വീണ്ടും താക്കീത്‌ ചെയ്‌തു- ഞാനാണ്‌ ഇവിടെ ജഡ്‌ജി. നീ നിന്റെ വായ്‌ അടച്ചോണം. എപ്പോഴാണ്‌ സംസാരിക്കേണ്ടതെന്നു ഞാന്‍ പറയാം. അതല്ല വീണ്ടും ധിക്കരിക്കാനാണ്‌ തീരുമാനമെങ്കില്‍ വായില്‍ തുണി തിരുകും. താക്കീത്‌ അവഗണിച്ച്‌ വീണ്ടും ഒച്ചവച്ചതോടെ ഫ്രാങ്ക്‌ളിന്റെ വായ്‌ ടേപ്പ്‌ വച്ച്‌ ഒട്ടിക്കാന്‍ ജഡ്‌ജി ഉത്തരവിടുകയായിരുന്നു. പൊലീസ്‌ അപ്പോള്‍തന്നെ ചുവന്ന ടേപ്പ്‌ ഉപയോഗിച്ച്‌ ഫ്രാങ്ക്‌ളിന്റെ വായ്‌ അടച്ചു. കോടതിമുറിയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദമാവുകയും ചെയ്‌തു.