Breaking News

Trending right now:
Description
 
Aug 06, 2018

ഡ്രോണ്‍ പൊട്ടിത്തെറിച്ചെങ്കിലും വെനസ്വേല പ്രസിഡന്റ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു

image വെനസ്വേല പ്രസിഡന്റ്‌ നിക്കൊളാസ്‌ മഡുറോയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കാരക്കസില്‍ ശനിയാഴ്‌ച നടന്ന സൈനിന പരേഡിനെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ്‌ മഡുറോയെ ഡ്രോണിന്റെ സഹായത്തോടെ വധിക്കാന്‍ ശ്രമം നടന്നത്‌. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ചു പറന്നെത്തിയ രണ്ടു ഡ്രോണുകള്‍ സൈനികരുടെ ഇടയില്‍വന്നു പതിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴു സൈനികര്‍ക്കു പരുക്കേറ്റു. സംഭവത്തിന്റെ ഉത്തരവാദിത്വം 'സോള്‍ജിയേഴ്‌സ്‌ ഇന്‍ ഷര്‍ട്‌സ്‌' എന്ന ഗ്രൂപ്പ്‌ ഏറ്റെടുത്തിട്ടുണ്ട്‌. ഏതാനുംപേരെ അറസ്റ്റു ചെയ്‌തു. ഇവരെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ആക്രമണത്തിനു പിന്നില്‍ അയല്‍രാജ്യമായ കൊളംബിയയും അമേരിക്കയുമാണെന്നു മഡുറോ ആരോപിച്ചു. കൊളംബിയ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു. കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നു യുഎസ്‌ ആഭ്യന്തരവകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വെനസ്വേലയിലെ തീവ്രവലതുപക്ഷ പ്രതിപക്ഷക്കാരാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. സൈന്യത്തിന്റെ 81-ാം വാര്‍ഷികാഘോഷത്തില്‍ മഡുറോയുടെ ഭാര്യ സീലിയ ഫ്‌ളോറസും പങ്കെടുത്തിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട്‌ രണ്ടുപേരും മുകളിലേക്ക്‌ നോക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. വരിവരിയായി നിന്നിരുന്ന നൂറുകണക്കിന്‌ പട്ടാളക്കാര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്‌. ബോഡിഗാര്‍ഡുകള്‍ മഡുറോയെ സംരക്ഷിക്കുന്നതിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയിലെത്തി.