Breaking News

Trending right now:
Description
 
Aug 05, 2018

സുരക്ഷാ വീഴ്‌ച: ഫാറൂഖ്‌ അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചുകടന്നയാളെ വെടിവച്ചുകൊന്നു

image ജമ്മു കാഷ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്ദുല്ലയുടെ ജമ്മുവിലെ വസതിയില്‍ അതിക്രമിച്ചുകടന്ന ജമ്മുവിലെ പുഞ്ച്‌ സ്വദേശി സയ്യിദ്‌ മുര്‍ഫാദ്‌ ഷായെ (26) സുരക്ഷാഭടന്മാര്‍ വെടിവച്ചു കൊന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം. സെഡ്‌ പ്ലസ്‌ സുരക്ഷാവിഭാഗത്തിലുള്ള ഫാറൂഖ്‌ അബ്ദുല്ലയും മകന്‍ ഒമര്‍ അബ്ദുല്ലയും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. കാറിലെത്തിയ യുവാവ്‌ കനത്ത കാവലുള്ള വസ്‌തിയുടെ ഗേറ്റ്‌ ഇടിച്ചു തകര്‍ത്താണ്‌ ഉള്ളിലെത്തിയത്‌. വീടിനുള്ളില്‍ പ്രവേശിച്ച്‌ ഭിത്തിയിലെ ചിത്രങ്ങള്‍ തകര്‍ത്തു. പിന്നാലെ എത്തിയ സുരക്ഷാഭടന്റെ തോക്ക്‌ തട്ടിയെടുക്കാനും ശ്രമം നടത്തി. മുകള്‍നിലയിലേക്കുള്ള പടികള്‍ കയറുന്നതിനിടെ സുരക്ഷാഭടന്മാര്‍ വെടിവച്ചു വീഴ്‌ത്തി. കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിക്രമം തുടര്‍ന്നതിനാലാണ്‌ വെടിവച്ചതെന്നാണ്‌ ജമ്മു പൊലീസ്‌ നല്‍കുന്ന വിശദീകരണം. ശ്രീനഗറില്‍നിന്നുള്ള ലോക്‌സഭാംഗമായ ഫാറൂഖ്‌ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലായിരുന്നു. വന്‍ സുരക്ഷാവീഴ്‌ചയാണ്‌ ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നു ഫാറൂഖ്‌ പ്രതികരിച്ചു. സയ്യിദ്‌ മുര്‍ഫാദ്‌ ഷായുടെ പിതാവ്‌ ജമ്മുവില്‍ തോക്കുവ്യാപാരം നടത്തുകയാണ്‌. ആയുധമില്ലാതെ എത്തിയ സയ്യിദ്‌ മുര്‍ഫാദ്‌ ഷായെ അറസ്റ്റു ചെയ്യാതെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കള്‍ പോസ്‌റ്റുമോര്‍ട്ടം തടയുകയും റോഡ്‌ ഉപരോധിക്കുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തുവെങ്കിലും സുരക്ഷാവീഴ്‌ച സംബന്ധിച്ച്‌ ഉന്നതതല അന്വേഷണത്തിനും ഉത്തരവുണ്ട്‌.