Breaking News

Trending right now:
Description
 
Feb 11, 2013

നര്‍മത്തിന്റെ നവരസങ്ങള്‍ക്കൊപ്പം സത്യത്തിന്റെ നീരൊഴുക്കിനൊപ്പം - രണ്ടാം ഭാഗം

image മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയുമായി ഗ്ലോബല്‍ മലയാളം പ്രതിനിധി ഇ.എസ്‌ ജിജിമോള്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ഗ്ലോബല്‍ മലയാളം: മാതാ അമൃതാനന്ദമയിയെ കാണാന്‍ പലപ്പോഴും പോകാറുണ്ടല്ലോ, ആള്‍ദൈവമെന്ന്‌ ചിലരൊക്കെ വിളിക്കാറുള്ള മാതാ അമൃതാനന്ദമയിയുടെ മഠത്തില്‍ ചെന്നു കണ്ടിട്ട്‌ എന്തു തോന്നി?

ഞാന്‍ നാലഞ്ച്‌ തവണ പോയിട്ടുണ്ട്‌. അവര്‍ നിങ്ങളു പറഞ്ഞമാതിരി ആള്‍ദൈവമെന്ന്‌ തോന്നിയിട്ടില്ല. ഞാന്‍ പോയത്‌ അവര്‍ ചെയ്യുന്ന മനുഷ്യ സ്‌നേഹത്തിന്റെ പ്രവൃത്തി കാണാനാണ്‌. വളരെ സാധാരണ സ്‌ത്രീയായ അമ്മയെ കാണാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആള്‍ വരണമെങ്കില്‍ അവരില്‍ അസാധാരണത്വമില്ലേ? അവര്‍ സാധുക്കളെയാണ്‌ സഹായിക്കുന്നത്‌. ഞാന്‍ ഉള്‍പ്പെടെ പലരും പ്രസംഗിക്കുന്നു, അവര്‍ പ്രവര്‍ത്തിക്കുന്നു അത്രമാത്രം. ദൈവം തിരഞ്ഞെടുത്തതാണ്‌ അമ്മയെയെന്നാണ്‌ എന്റെ വിശ്വാസം. വലിയ പഠിപ്പൊന്നുമില്ലാത്തയാളാണ്‌ അവര്‍. അവരില്‍ ദൈവികതയില്ലെങ്കില്‍ പിന്നെയെങ്ങനെ അവര്‍ ഇത്രയും ജനത്തിനെ ആകര്‍ഷിക്കാന്‍ കഴിയും.

ഗ്ലോബല്‍ മലയാളം: ക്രിസ്‌തുമതത്തിന്റെ കാഴ്‌ചപ്പാടിന്‌ വിരുദ്ധമല്ലേ ഇത്‌?

ക്രിസോസ്‌റ്റം തിരുമേനി: ജിജിയേ നിങ്ങള്‍ കല്ല്യാണം കഴിച്ചതാണോ?

"അതേ"

ഗ്ലോബല്‍ മലയാളം: ജിജി കല്യാണം കഴിച്ചപ്പോള്‍ ലോകത്ത്‌ നിങ്ങളുടെ ഭര്‍ത്താവ്‌ മാത്രമേ പുരുഷനായി ഉണ്ടായിരുന്നൊള്ളോ? അതോ കല്ല്യാണം കഴിച്ച പുരുഷന്മാര്‍ ഒഴികെ മറ്റെല്ലാം പുരുഷന്മാരും മോശക്കാരാണെന്ന്‌ ജിജിയ്‌ക്ക്‌ അഭിപ്രായം ഉണ്ടോ? ഇനി അങ്ങനെ പറഞ്ഞാല്‍ മറ്റു സ്‌ത്രീകള്‍ സമ്മതിക്കുമോ? ഇല്ലല്ലോ അതുപോലെയാണ്‌ ഇത്‌. എന്റെ മതപരമായ കാഴ്‌ചപ്പാടുകള്‍ മറ്റു മതങ്ങളുടെ താല്‌പര്യങ്ങള്‍ക്ക്‌ എതിരല്ല. എല്ലാ മതങ്ങളിലും നന്മയുണ്ട്‌, എല്ലാവരും പറയുന്ന പരമമായ സത്യം ഒന്നാണ്‌ സ്‌നേഹം.

ഗ്ലോബല്‍ മലയാളം: സഭാപരമായി എതിര്‍പ്പ്‌ നേരിടേണ്ടി വന്നിട്ടില്ലേ?

പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്‌, അവര്‍ എന്നേ എന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. മാതാ അമൃതാനന്ദമയിയെ കാണാന്‍ പോയതൊന്നും ആര്‍ക്കും പിടിച്ചില്ല. ഞാനവരില്‍ ചില നന്മകാണുന്നു. അവരുടെ കഴിവ്‌ കൊണ്ട്‌ അങ്ങ്‌ അമേരിക്കയിലൊക്കെ പോയി കാശുപിരിച്ച്‌ നാട്ടുകാര്‍ക്ക്‌ കൊടുക്കുന്നു. അത്‌ നന്മയല്ലേ?

ഗ്ലോബല്‍ മലയാളം: ഈ അടുത്തകാലത്ത്‌ ഇന്നസെന്റിനെയും ജഗതിയെയുമൊക്കെ പോയി കണ്ടിരുന്നുവല്ലോ, സിനിമക്കാരുമായി നല്ല അടുപ്പമാണല്ലോ? ചെറുപ്പത്തില്‍ സിനിമ കാണുമായിരുന്നോ?

ആരു പറഞ്ഞു അടുപ്പം സിനിമക്കാരുമായി മാത്രമാണെന്ന്‌... സിനിമ കാണുന്നവരുമായും നല്ല അടുപ്പമാണ്‌. ഇന്നസെന്റ്‌ ഏതോ പ്രസിദ്ധീകരണത്തിനുവേണ്ടി അഭിമുഖം എടുക്കാന്‍ വരുന്നെന്ന്‌ പറഞ്ഞു. എന്നാല്‍ അന്ന്‌ വരാന്‍ പറ്റിയില്ല, അന്വേഷിച്ചപ്പോള്‍ അസുഖമാണെന്ന്‌ അറിഞ്ഞു. എന്നെ കാണാന്‍ വരുന്നെന്ന്‌ പറഞ്ഞപ്പോഴേ പാവത്തിന്‌ കാന്‍സര്‍ വന്നതു കൊണ്ട്‌ അങ്ങോട്ട്‌ പോയി കണ്ടുവെന്നേയുള്ളു. ജഗതിയ്‌ക്ക്‌ ഇത്തിരി അഭിനയമൊക്കെ പഠിപ്പിച്ചു കൊടുത്തു. പാവം... ഞാന്‍ വെല്ലൂര്‌ ചികിത്സയ്‌ക്ക്‌ പോയപ്പോള്‍ കണ്ടതാ. പണ്ടൊക്കെ സിനിമ കാണുന്നത്‌ കുഴപ്പക്കാരാന്നാ വിശ്വാസം അതുകൊണ്ട്‌ സിനിമയൊന്നും കണ്ടിട്ടില്ല.

ഗ്ലോബല്‍ മലയാളം: ചെറുപ്പത്തില്‍ വലിയ കളിക്കാരനായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌?

ഹോ വലിയ കളിക്കാരനൊന്നുമല്ല. വോളിബോളും ബാസ്‌ക്കറ്റ്‌ബോളുമൊക്കെ കളിക്കുമായിരുന്നു. വലിയ കോര്‍ട്ടിലെ കളിയൊന്നും അറിയില്ല. വലിയ കോര്‍ട്ട്‌ കാണുമ്പോഴെ പേടിയാ... ഈ ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ.

ഗ്ലോബല്‍ മലയാളം: പലരുമായി മതവും ജാതിയും ഒന്നും നോക്കാതെ സൗഹൃദം സ്ഥാപിക്കുമല്ലോ തിരുമേനി, ഇപ്പോള്‍ തന്നെ ഈ ശ്രീകുമാറിനൊക്കെ എന്തു സ്വാതന്ത്ര്യമാ തിരുമേനിയുടെ അടുത്ത്‌?' (തിരുമേനിയെ കാണാന്‍ എന്നെ സഹായിച്ച തിരുമേനിയുടെ വലിയൊരു സ്‌നേഹിതനാണ്‌ ശ്രീകുമാര്‍)

ഈ ശ്രീകുമാറിന്റെ ഭാര്യയ്‌ക്ക്‌ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉണ്ട്‌. അതിന്റെ ഉത്‌ഘാടനം നടത്തിയത്‌ ഞാനാ. ഈ സൗന്ദര്യമില്ലാത്ത പെണ്ണുങ്ങള്‍ കല്യാണമാകുമ്പോഴോക്കെ വന്ന്‌ എന്തൊക്കെയോ ചെയ്‌ത്‌ കൃത്രിമമായി സൗന്ദര്യമുണ്ടാക്കും. അത്‌ ആണുങ്ങളെ ചതിക്കലല്ലേ? കുറച്ച്‌ കഴിയുേേമ്പാള്‍ എന്തൊക്കെ ചെയ്‌താലും ഇല്ലാത്ത സൗന്ദര്യമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യും. അതുപോലെയാണ്‌ സൗഹൃദവും. ചതിവ്‌ തിരിച്ചറിയപ്പെടും അതില്‍ ജാതിയും മതവുമൊന്നുമില്ല. ചതിവില്ലാത്തവരെയും പരമാര്‍ത്ഥന്‍മാരെയും തിരിച്ച്‌ സ്‌നേഹിച്ചില്ലേല്‍ നമ്മുടെ സ്ഥാനം എവിടെയാ ഊളന്‍പാറയില്‍ അല്ലോയോ?

ഗ്ലോബല്‍ മലയാളം: തിരുമേനിയ്‌ക്ക്‌ കമ്മ്യുണിസ്റ്റുകരോടും വലിയ സ്‌നേഹമാണല്ലോ?

എല്ലാ മനുഷ്യരിലും എല്ലാ ആശയങ്ങളിലും നന്മയും തിന്മയും ഉണ്ട്‌. അതുകൊണ്ട്‌ ഈ കമ്യുണിസ്‌റ്റുകാര്‍ കോണ്‍ഗ്രസുകാരെക്കാള്‍ മോശക്കാരാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. പിന്നെ കമ്യൂണിസ്റ്റുകാരൊക്കെ 1,2,3 എന്നൊക്കെ പറഞ്ഞ്‌ ചെയ്യുന്നു. സഭ പറയാതെ ചിലതൊക്കെ ചെയ്യുന്നു. അല്ലെങ്കിലും കമ്യുണിസ്റ്റുകാരു ദൈവമില്ലെന്ന്‌ പറഞ്ഞാലുടന്‍ ദൈവമില്ലാതെയാകുമോ? ഞാനിന്ന്‌ പറക്കാത്ത എമുപക്ഷിയെ കാണാന്‍ പോയപ്പോള്‍ അവിടുത്തെ വീട്ടുകാര്‍ എന്നെ എമുവിന്റെ കൂടെ നിറുത്തി ഫോട്ടോ എടുത്തു. അതുകൊണ്ട്‌ ഞാന്‍ എമുവായി മാറുമോ?

ഈ ഉമ്മന്‍ ചാണ്ടിയേയൊക്കെ ഇപ്പോള്‍ വിശുദ്ധനായി പ്രഖ്യാപിച്ചാല്‍ നാട്ടില്‍ എതിര്‍ക്കാന്‍ അഞ്ചുപേരെ കാണുകയുള്ളു. അതായത്‌ അഞ്ചുപാര്‍ട്ടിയുടെ നേതാക്കന്മാര്‍. എന്നാല്‍ വോട്ട്‌ എല്ലാവരും ചെയ്യില്ല. അതെന്താ പാര്‍ട്ടി നോക്കിയാ ആള്‍ക്കാര്‍ വോട്ട്‌ ചെയ്യുന്നത്‌.

ഗ്ലോബല്‍ മലയാളം: കോണ്‍ഗ്രസുകാരെ ഇഷ്ടമാണോ?

കല്ല്യാണം കഴിക്കുന്ന കാലത്ത്‌ വലിയ സ്‌നേഹമായിരുന്നുവെന്ന്‌ പറയത്തില്ലയോ? ആദ്യകാലത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ രാജ്യത്തെ സേവിച്ചു. ഇപ്പോള്‍ രാജ്യത്തെ ഉപയോഗിച്ച്‌ ജീവിക്കുന്നു.

ഗ്ലോബല്‍ മലയാളം: ഒരു നൂറ്റാണ്ട്‌ നീളുന്ന ജീവിതാനുഭവമാണ്‌ തിരുമേനിയുടേത്‌, എന്തു തോന്നുന്നു ഇന്നത്തെ ഭരണത്തെപ്പറ്റി?

ഭരിക്കാന്‍ കേറുമ്പോള്‍ എന്തൊക്കൊയേലും ചെയ്‌തില്ലേല്‍ നാട്ടുകാര്‍ എന്തു പറയുമെന്ന്‌ കരുതി ചിലതൊക്കെ ചെയ്യും. അത്രമാത്രം. പിന്നെ നന്മ ചെയ്‌താലെ ശത്രുക്കള്‍ ഉണ്ടാകത്തുള്ളു ശത്രുക്കള്‍ ഉണ്ടാകുമ്പോള്‍ സന്തോഷിക്കുക. എന്തൊക്കെയോ ചെയ്യുന്നതു കൊണ്ടാ എതിര്‍പ്പ്‌ നേരിടേണ്ടി വരുന്നത്‌. കായുള്ള വൃക്ഷത്തിലെ എറിയൂ.

ഗ്ലോബല്‍ മലയാളം: തിരുമേനിയ്‌ക്കും ഇത്തരത്തില്‍ നന്മ ചെയ്‌തതിന്റെ പേരില്‍ എതിര്‍പ്പ്‌ നേരിടേണ്ടി വന്നിട്ടില്ലേ?

പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്‌, അവര്‍ എന്നേ എന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. മാതാ അമൃതാനന്ദമയിയെ കാണാന്‍ പോയതൊന്നും ആര്‍ക്കും പിടിച്ചില്ല. ഞാനവരില്‍ ചില നന്മകാണുന്നു. എന്നാലും ചിലരും പറയും തിരുമേനി അവിടെ പോകാവോ? അവര്‍ ഹിന്ദുവും തിരുമേനി ക്രിസ്‌ത്യാനിയുമല്ലേയെന്ന്‌, തിരുമേനിയ്‌ക്ക്‌ ഇംഗ്ലീഷ്‌ അറിയാം. അവര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയത്തില്ല എന്നൊക്കെ...

ഗ്ലോബല്‍ മലയാളം: ഇന്ന്‌ സ്‌ത്രീകള്‍ സുരക്ഷതിത്വം കുറയുന്നുവെന്ന്‌ പറയുന്നത്‌. അങ്ങയുടെ ചെറുപ്പക്കാലത്തെ സ്‌ത്രീകളെയും ഇപ്പോഴത്തെ സ്‌ത്രീകളെയും ഒന്നു വിലയിരുത്താമോ?

ഇപ്പം സ്‌ത്രീകള്‍ ഉണ്ടോ? പണ്ട്‌ സ്‌ത്രീകളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ സ്‌ത്രീകള്‍ ഇല്ലെന്നാ എനിക്ക്‌ തോന്നുന്നത്‌. അങ്ങ്‌ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ കുറെ ആണുങ്ങള്‍ ചേര്‍ന്ന്‌ ക്രൂരമായി കൊന്നില്ലേ? എന്തുകൊണ്ടാ? അത്‌ കുടുംബബന്ധങ്ങള്‍ അറ്റു പോകുന്നതു കൊണ്ടാ, ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവള്‍ തന്റെ സഹോദരിയാണെന്ന്‌ ചിന്തിക്കണമെങ്കില്‍ നല്ല കുടുംബബന്ധങ്ങള്‍ നാട്ടില്‍ ഉണ്ടാവണം.

ഗ്ലോബല്‍ മലയാളം: ഇപ്പോള്‍ ആത്മീയതയും കൈമോശം വന്നിരിക്കുന്നു, ആത്മീയത കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുകയല്ലേ എന്തു തോന്നുന്നു?

കച്ചവടം അത്ര മോശം കാര്യമാണോ? കച്ചവടക്കാരില്ലേല്‍ ജീവിക്കാന്‍ പറ്റുമോ? നിങ്ങള്‍ ഇട്ടിരിക്കുന്ന തുണി ഒരു കച്ചവടക്കാരന്റെ കയ്യില്‍ നിന്ന്‌ വാങ്ങിയതല്ലേ? നിങ്ങളുടെ നാട്ടിലെ ഏലവും കുരുമുളകുമൊക്ക കച്ചവടക്കാരല്ലേ വില്‌ക്കുന്നത്‌. പിന്നെ ഒരു സാധനം ദുഷിച്ചാല്‍ ഏത്‌ കച്ചവടക്കാരന്‍ നോക്കിയാലും വില്‌ക്കാന്‍ പറ്റില്ല.

ഗ്ലോബല്‍ മലയാളം: ആത്മീയ ജീവിതത്തില്‍ ഭൗതികതയുടെ അതിപ്രസരമാണോ ഇതിന്‌ കാരണം?

ആത്മീയത, ഭൗതികത എന്ന്‌ കാര്യങ്ങളെ രണ്ടായി തിരിക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. എല്ലാം ദൈവത്തോട്‌ ബന്ധപ്പെട്ട്‌ നില്‌ക്കുന്നതാണ്‌. അതിനെ രണ്ടായി വേര്‍തിരിക്കുന്നതിന്റെ യുക്തി എനിക്ക്‌ മനസിലാവുന്നില്ല. പിച്ചാത്തി കറിക്കരിയാനും കുത്തിക്കൊല്ലാനും ഉപയോഗിക്കാം. അതുകൊണ്ട്‌ പിച്ചാത്തി മോശമാണെന്ന്‌ പറയാന്‍ പറ്റുമോ? ഒന്ന്‌ ആത്മീയതയും മറ്റൊന്ന്‌ ഭൗതികതയുമാണെന്ന്‌ പറയാന്‍ പറ്റുമോ. ദൈവമാണ്‌ എല്ലാം സൃഷ്ടിച്ചതെങ്കില്‍ എല്ലാം ദൈവവുമായി ബന്ധപ്പെട്ടതാണ്‌. അതിനെ വേര്‍തിരിക്കാന്‍ അതിര്‍വരമ്പില്ല. നമ്മുടെ പ്രവൃത്തികളെ അങ്ങനെ വിലയിരുത്തണം.

ഗ്ലോബല്‍ മലയാളം: തിരുമേനിയ്‌ക്ക്‌ രോഗങ്ങള്‍ പലതുണ്ട്‌, എന്നാല്‍ എതെല്ലാം മറന്ന്‌ ഇത്ര സന്തോഷവാനായിരിക്കാന്‍ എങ്ങനെയാണ്‌?

എനിക്ക്‌ 95 ആയി. കാന്‍സറും ഹൃദയരോഗവുമൊക്കെയുണ്ട്‌. പക്ഷേ രോഗം എന്നെ ഭയപ്പെടുത്തുന്നില്ല. മരണമെന്ന്‌ പറയുന്നത്‌ ജീവിതത്തിലെ മറ്റൊരു അനുഭവമാണ്‌. മരണത്തെ ഞാന്‍ സ്‌നേഹിക്കുന്നില്ല. എന്നാല്‍ വെറുക്കുന്നുമില്ല. ഞാന്‍ ജീവിക്കുന്നത്‌ വര്‍ത്തമാനകാലത്തിലാണ്‌. ഭൂതകാലത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ആകുലപ്പെടുന്നില്ല.

സന്ദര്‍കര്‍ ധാരാളം കാത്തു നില്‌ക്കുന്നു. അതിനിടയില്‍ ഫോണ്‍ കോള്‍ ആരോ മരിച്ചു. അവിടം വരെയും പോവണം. വല്ലാത്ത ചുറുചുറുക്കോടെ തിരുമേനി എഴുന്നേറ്റു...

ഗ്ലോബല്‍ മലയാളം: അങ്ങേയ്‌ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടാറുണ്ടോ ?

തിരുമേനി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.... പ്രാര്‍ത്ഥനെയെന്നാല്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌. ഞാന്‍ ദൈവത്തെ വിളിച്ച്‌ ഇടയ്‌ക്ക്‌ നിവേദനം കൊടുക്കാറില്ല, പക്ഷേ എന്റെ ഓരോ ചലനവും ദൈവവുമായുള്ള ആശയവിനിമയമാണ്‌...

നര്‍മത്തിന്റെ നവരസങ്ങള്‍ക്കൊപ്പം സത്യത്തിന്റെ നീരൊഴുക്കിനൊപ്പം മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തhttp://globalmalayalam.com/news.php?nid=2504#.URiKg6Vtijc