Breaking News

Trending right now:
Description
 
Aug 03, 2018

കുമ്പസാരത്തിനെതിരായുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

image ക്രിസ്‌തീയ സഭകളിലെ നിര്‍ബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ ഏതു മതവിശ്വാസം പിന്തുടരാനും മതാചാരങ്ങളോടു യോജിപ്പില്ലെങ്കില്‍ പുറത്തുപോകാനും വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു കോടതി വ്യക്തമാക്കി. ഏതെങ്കിലും മതവിശ്വാസം പിന്തുടരാനോ വൈദികനു മുന്നില്‍ കുമ്പസാരിക്കാനോ നിര്‍ബന്ധിക്കുന്ന നിയമസാഹചര്യങ്ങള്‍ ഒന്നുംതന്നെ രാജ്യത്ത്‌ നിലവില്‍ ഇല്ല. മതവിശ്വാസം ഇല്ലാതെയും ജീവിക്കാന്‍ വ്യക്തിക്കു സാധിക്കും. ഏതെങ്കിലും മതവിശ്വാസം സ്വീകരിച്ചശേഷം ആ മതത്തിലെ ആചാരാനുഷ്‌ഠാനങ്ങള്‍ തന്റെ ഇഷ്ടത്തിനു വേണമെന്നു പറയാനാവില്ലെന്നും കോടതി പരാമര്‍ശിച്ചു. കൊച്ചി വരിക്കോലി സ്വദേശി സി.എസ്‌.ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം. വിവിധ സഭകള്‍ വിശ്വാസികള്‍ക്കു നല്‍കുന്ന ആത്മീയ സേവനങ്ങള്‍ക്കു കുമ്പസാരം നിഷ്‌കര്‍ഷിക്കുന്നത്‌ മൗലികാവകാശ ലംഘനമാണെന്നാണ്‌ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്‌. വൈദികനു മുമ്പില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു കുമ്പസാരിക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുന്നതു സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.