Breaking News

Trending right now:
Description
 
Aug 03, 2018

പാര്‍ലമെന്റിനു മുമ്പില്‍ യുഡിഎഫ്‌ എംപിമാരുടെ ധര്‍ണ

image കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍നിന്നുള്ള യുഡിഎഫ്‌ എംപിമാര്‍ പാര്‍ലമെന്റ്‌ മന്ദിരത്തിനു മുമ്പിലുള്ള ഗാന്ധി പ്രതിമയ്‌ക്കു മുമ്പില്‍ ധര്‍ണ നടത്തി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ പ്രഖ്യാപിക്കുകയും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ തറക്കല്ലിടുകയും ചെയ്‌ത പാലക്കാട്‌ കഞ്ചിക്കോട്‌ റെയില്‍വേ കോച്ച്‌ ഫാക്ടറിയുടെ നിര്‍മാണം ഇതുവരെ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. ഇതേ ആവശ്യം ഉന്നയിച്ച്‌ കേരളത്തില്‍നിന്നുള്ള എംപിമാര്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ റെയില്‍ഭവന്‌ മുമ്പില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ പാര്‍ലമെന്റിനു മുമ്പില്‍ ഇന്നലെ നടത്തിയ ധര്‍ണ. കഞ്ചിക്കോട്‌ റെയില്‍വേ കോച്ച്‌ ഫാക്ടറിയുടെ നിര്‍മാണത്തെ സംബന്ധിച്ച്‌ റെയിര്‍വേ മന്ത്രി പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകളാണ്‌ നടത്തുന്നതെന്നു എംപിമാര്‍ കുറ്റപ്പെടുത്തി. ഒരുവശത്ത്‌ കോച്ച്‌ ഫാക്ടറിയുടെ നിര്‍മാണം ഉപേക്ഷിച്ചിട്ടില്ലെന്നു പറയുന്ന കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയല്‍, അതേസമയം തന്നെ രാജ്യത്ത്‌ ഇനിയൊരു കോച്ച്‌ ഫാക്ടറിയുടെ ആവശ്യമില്ലെന്നു പറയുന്നത്‌ കേരളത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ടത്തില്‍തന്നെ 250 കോടിരൂപ ആവശ്യമാണെന്നിരിക്കെ 80 കോടി രൂപ നല്‍കി കേരളത്തെ അവഹേളിക്കുകയാണ്‌ കേന്ദ്രം ചെയ്‌തത്‌. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ സമഗ്രമായ റബര്‍കാര്‍ഷിക പാക്കേജ്‌ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.