Breaking News

Trending right now:
Description
 
Aug 02, 2018

യുഡിഎഫ്‌ ഉന്നതാധികാര സമിതിയില്‍നിന്നു സുധീരന്‍ രാജിവച്ചു

image മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മന്‍ കെപിസിസി അധ്യക്ഷനുമായ വി.എം.സുധീരന്‍ യുഡിഎഫ്‌ ഉന്നതാധികാര സമിതിയില്‍നിന്ന്‌ രാജിവച്ചു. വ്യാഴാഴ്‌ച രാവിലെയാണ്‌ ഇ മെയില്‍വഴി രാജിക്കത്ത്‌ കെപിസിസി നേതൃത്വത്തിന്‌ അയച്ചത്‌. എന്നാല്‍ രാജിയുടെ കാരണമെന്തെന്ന്‌ വ്യക്തമാക്കിയിട്ടില്ല. കെപിസിസി അധ്യക്ഷന്റെ നിയമനം വൈകുന്ന സാഹചര്യത്തിലാണ്‌ രാജി എന്നതും ശ്രദ്ധേയമാണ്‌. അതേസമയം, രാജിക്കത്ത്‌ കിട്ടിയിട്ടില്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കി. കെ.എം.മാണിയെ യുഡിഎഫിലേക്ക്‌ തിരിച്ചെടുത്തതും രാജ്യസഭാസീറ്റ്‌ മാണിക്ക്‌ നല്‍കിയതുമായി ബന്ധപ്പെട്ട്‌ സുധീരന്‍ നേരത്തെ മുതല്‍ ശക്തമായ പ്രതിഷേധം തുടരുകയായിരുന്നു. യുഡിഎഫ്‌ കഴിഞ്ഞതവണ കൂടിയ ഉന്നതാധികാര സമിതിയില്‍നിന്നും സുധീരന്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയിരുന്നു. കെ.എം.മാണി പങ്കെടുക്കുന്ന ഉന്നതാധികാര സമിതിയില്‍ താനില്ലെന്നു വ്യക്തമാക്കിയായിരുന്നു ഇറങ്ങിപ്പോക്ക്‌. പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വികാരം മനസിലാക്കാതെ രാജ്യസഭാസീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ നല്‍കിയത്‌ സുധീരന്‍ അടക്കം നിരവധി നേതാക്കളുടെ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. ഇതിനിടെയാണ്‌ ഒരു സൂചനപോലും നല്‍കാതെ സുധീരന്റെ നാടകീയമായ രാജി.