Breaking News

Trending right now:
Description
 
Feb 11, 2013

സാം ജോര്‍ജ്‌ വരച്ചുകാട്ടുന്നത്‌ പ്രവാസികളുടെ നേര്‍ചിത്രം

image മലേഷ്യയില്‍നിന്നെത്തി മലയാളത്തില്‍ വേരൂന്നിയ റബര്‍ മരങ്ങളും മലയാളമണ്ണില്‍നിന്ന്‌ പറന്നിറങ്ങി വിദേശത്തു വേരുറപ്പിച്ച മലയാളികളുമില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ തലേവര എന്താകുമായിരുന്നുവെന്നൊന്നു ചിന്തിച്ചുനോക്കൂ. കേരളത്തിന്റെ സാമ്പത്തികസ്ഥിതിതന്നെ മാറിമറിഞ്ഞേനെയെന്നത്‌ കട്ടായം. 

ജോഹന്നാസ്‌ബെര്‍ഗിലോ ഫ്രാങ്ക്‌ഫര്‍ട്ടിലോ സിംഗപ്പൂരിലോ നെയ്‌റോബിയിലോ ടൊറന്റോയിലോ തെരുവുകളില്‍ മലയാളം മുഴങ്ങുന്നുവെന്നത്‌ ഇന്ന്‌ പുതുമയല്ല. അതിനപ്പുറം എത്രയോ രാജ്യങ്ങളില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മലയാളികള്‍ ഇരുന്നുവാഴുന്നു. സംരംഭകരായും ഉന്നത ഉദ്യോഗസ്ഥരായും രാഷ്ട്രീയനേതൃത്വത്തിലുമെല്ലാം തിളങ്ങുന്ന സാന്നിധ്യമാണ്‌ മലയാളികള്‍. 

ഇക്കാര്യങ്ങളുടെ നേര്‍സാക്ഷ്യവുമായി പുതിയ ഒരു പുസ്‌തകം വായനയ്‌ക്കെത്തി. 'മലയാളി ഡയസ്‌പോറ: ഫ്രം കേരള ടു ദ എന്‍ഡ്‌ ഓഫ്‌ ദ വേള്‍ഡ്‌' (Malayalee Diaspora: From Kerala to the end of the World)എന്ന പേരില്‍ സാം ജോര്‍ജും ടി.വി. തോമസും ചേര്‍ന്ന്‌ എഡിറ്റ്‌ ചെയ്‌തതാണ്‌ ഈ പുസ്‌തകം. കൊച്ചിയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പുസ്‌തകം പ്രകാശനം ചെയ്‌തു. 

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം എന്നതിനു പകരം ഇങ്ങനെയൊരു തിരുത്താകാമെന്ന്‌ സാം ജോര്‍ജ്‌ സാക്ഷ്യപ്പെടുത്തുന്നു: "സൂര്യന്‍ എവിടെ ഉറങ്ങാതിരിക്കുന്നോ, അവിടെ ഏതെങ്കിലും മലയാളിയുണ്ടാകും." ദുബായ്‌ മുതല്‍ ഡബ്ലിന്‍ വരെയും ഡര്‍ബന്‍ മുതല്‍ ഡെന്‍വര്‍ വരെയും പടര്‍ന്നുകിടക്കുന്ന കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഇക്കാര്യം ഉറപ്പിച്ചുപറയാന്‍ സാമിന്‌ അവകാശമുണ്ട്‌. ആന്‍ഡമാനില്‍ ജനിച്ച്‌ ഇന്ത്യയില്‍ പഠിച്ച്‌ ഷിക്കാഗോയില്‍ ജോലി ചെയ്യുന്ന സാം ഗവേഷണ വിഷയമാക്കിയത്‌ ഇന്ത്യന്‍ ഡയസ്‌പോറയെക്കുറിച്ചാണ്‌. സഹഎഡിറ്റര്‍ ടി.വി. തോമസ്‌ മലേഷ്യയില്‍ മലയാളി മാതാപിതാക്കള്‍ക്ക്‌ ജനിച്ച്‌ ഇന്ത്യയിലും കാനഡയിലും അമേരിക്കയിലുമായി പഠനം നടത്തിയ പ്രവാസിയാണ്‌. ബൈബിളിലാണ്‌ ഡയസ്‌പോറ എന്ന ഗ്രീക്ക്‌ വാക്ക്‌ പരാമര്‍ശിക്കുന്നത്‌. ചിതറിക്കിടക്കുന്ന സമൂഹം എന്ന അര്‍ത്ഥത്തിലാണ്‌ ഈ വാക്ക്‌ പ്രയോഗിക്കപ്പെടുന്നത്‌.

കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ ഡോ. ജോര്‍ജ്‌ ഉമ്മന്‍ പുസ്‌തകത്തില്‍ വിവരിക്കുന്നു. തമിഴരും കന്നഡിഗരും 1834-1910 കാലത്ത്‌ ബ്രിട്ടീഷ്‌, ഫ്രഞ്ച്‌, ഡച്ച്‌ കോളനികളിലേയ്‌ക്ക്‌ കുടിയേറിയപ്പോള്‍ മലയാളികള്‍ അതിനെ ചെറുത്തുനില്‍ക്കുകയായിരുന്നുവെന്ന്‌ ഡോ. ജോര്‍ജ്‌ പറയുന്നു. 1911-ലെ സെന്‍സസ്‌ കണക്കുകളില്‍ കുടിയേറ്റത്തിന്‌ വിധേയമാകാത്ത സമൂഹമാണ്‌ കേരളത്തിലുള്ളത്‌ എന്നാണ്‌ സൂചനകള്‍. ഇതിനെ തിരുത്തിയെഴുതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലയാളികളുടെ മനസ്‌ മാറി. തുടര്‍ന്നുണ്ടായത്‌ ലോകം ഉറ്റുനോക്കിയ മലയാളികളുടെ പ്രവാസചരിത്രമാണ്‌. സിലോണിലേയ്‌ക്കും പിന്നീട്‌ മലയായിലേയ്‌ക്കും സിംഗപ്പൂരിലേയ്‌ക്കും മലയാളി ചുവടുവച്ചു. പിന്നീട്‌ 1970-നു ശേഷം ഗള്‍ഫിലേയ്‌ക്കുള്ള കൂട്ടപ്രയാണം തുടങ്ങി. ഇതിന്റെയൊക്കെ ഫലമായി ഓരോ വര്‍ഷവും അന്‍പതിനായിരം കോടി രൂപയുടെ വിദേശസമ്പാദ്യമാണ്‌ ഇന്ത്യയിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നത്‌. 

കേരളത്തിന്റെ റവന്യൂവരുമാനത്തിന്റെ 1.6 ഇരട്ടിയാണ്‌ ഈ പണംവരവ്‌. പ്രവാസം സമഗ്രമായ മാറ്റങ്ങളാണ്‌ കേരളത്തിനു സമ്മാനിച്ചത്‌. ചെലവുകളും ജീവിതരീതികളും സാമൂഹികബന്ധങ്ങളും മാനസികചിന്താഗതികളും ഉപഭോക്തൃരീതികളും മാത്രമല്ല വിശ്വാസചിന്താഗതികള്‍പോലും മാറിമറിഞ്ഞു. ഗള്‍ഫ്‌ കെനിയയിലെ മലയാളികളെക്കുറിച്ച്‌ ഈ പുസ്‌തകത്തില്‍ ഡോ. ഒ.എം. പണിക്കരും കാനഡയിലെ മലയാളികളെക്കുറിച്ച്‌ ഡോ. ലീന സാമുവലും അമേരിക്കന്‍ മലയാളികളെക്കുറിച്ച്‌ ഡോ. മാത്യു തോമസ്‌, ഡോ. റോയി തോമസ്‌ എന്നിവരും ബോട്‌സ്വാന/ദക്ഷിണാഫ്രിക്കയിലെ പ്രവാസികളെക്കുറിച്ച്‌ ഡോ. ഐപ്പ്‌ മാവുങ്കലും ഓസ്‌ട്രേലിയന്‍ മലയാളികളെക്കുറിച്ച്‌ റോഷന്‍ വര്‍ഗീസും ഈ പുസ്‌തകത്തില്‍ വിവരിക്കുന്നു. കുവൈറ്റില്‍ ജനിച്ചു വളര്‍ന്ന്‌ ഇപ്പോള്‍ അമേരിക്കയില്‍ ഗവേഷണം നടത്തുന്ന സ്‌റ്റാന്‍ലി ജോണ്‍ കുവൈറ്റിലെ ലേബര്‍ മൈഗ്രേഷനെക്കുറിച്ചാണ്‌ ഈ പുസ്‌തകത്തിലെ ഒരു അദ്ധ്യായം എഴുതിയിരിക്കുന്നത്‌. 

വിദേശങ്ങളില്‍നിന്ന്‌ തിരികെയെത്തുന്നവര്‍ സാമ്പത്തികമായി രക്ഷപ്പെടുന്നുവെന്നതിന്റെ പേരില്‍ ഗള്‍ഫ്‌ എന്നത്‌ പറുദീസയാണെന്ന മട്ടിലാണ്‌ നാട്ടിലുള്ളവര്‍ കാണുന്നതെന്നും എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ ഇതിനപ്പുറമാണെന്ന്‌ സ്റ്റാന്‍ലി പറയുന്നു.വിവിധ രാജ്യങ്ങളിലെ പ്രവാസത്തിന്റെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ലേഖനങ്ങളാണ്‌ പുസ്‌തകത്തിന്റെ രണ്ടാം പകുതിയുടെ പ്രത്യേകത. ന്യൂഡല്‍ഹിയിലെ സീരിയല്‍സ്‌ പബ്ലിക്കേഷന്‍സാണ്‌ മലയാളം ഡയസ്‌പോറ: ഫ്രം കേരള ടു ദ എന്‍ഡ്‌സ്‌ ഓഫ്‌ ദ വേള്‍ഡ്‌ എന്ന പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. വില 750 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌::
 href="http://www.malayalidiaspora.com/"> www.MalayaliDiaspora.com