Breaking News

Trending right now:
Description
 
Jul 29, 2018

അങ്ങനെ സര്‍ക്കാരിനും മനസിലായി; ഹെല്‍മറ്റ്‌ തലയ്‌ക്കു ദോഷമാണെന്ന്‌!

image നാലു പതിറ്റാണ്ടായി ഇരുചക്രവാഹന യാത്രികരുടെ തലയില്‍ നിര്‍ബന്ധ പൂര്‍വം വയ്‌പ്പിക്കുകയും വയ്‌ക്കാത്തവരില്‍ നിന്നു റോഡില്‍ നിന്നു തന്നെ പൊലീസ്‌ പിഴ ഈടാക്കിക്കൊണ്ടിരിക്കുന്നതുമായ ആഘാതം ചെറുക്കാനുള്ള ശേഷിയില്ലാത്ത ഹെല്‍മറ്റുകളുടെ നിലവാര പോരായ്‌മയും അതിലൂടെയുണ്ടാകുന്ന രോഗങ്ങളും ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സിനും (ബിഐസ്‌) വ്യക്തമായി മനസിലായതിനാല്‍ പുതുമാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു! പുതിയ നിലവാര മാനദണ്ഡങ്ങള്‍ 2018 ജനുവരി 15-നു പ്രാബല്യത്തിലാക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണിത്‌. ഇത്രയും ദീര്‍ഘകാലം ജനങ്ങളെ വിഡ്‌ഢികളാക്കുകയായിരുന്നുവെന്നു ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്‌. ഹെല്‍മറ്റുകളുടെ ഭാരം ശരീരത്തിനു പലവിധത്തില്‍ ദോഷകരമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. നിലവിലുള്ള ഹെല്‍മറ്റുകള്‍ക്ക്‌ ഒന്നര കിലോഗ്രാമിലേറെയാണ്‌ ഭാരം. അത്‌ 1.2 കിലോഗ്രാമായി കുറപ്പിയ്‌ക്കും. വായു കടക്കാനുള്ള സംവിധാനങ്ങളുണ്ടാകും. ഐഎസ്‌ഐ സ്റ്റാന്‍ഡാര്‍ഡ്‌ പാലിക്കാത്ത ഹെല്‍മറ്റ്‌ വില്‌പന കുറ്റകൃത്യമായി കണക്കാക്കും. ഹെല്‍മറ്റ്‌ വയ്‌ക്കുന്നതു മൂലമുണ്ടാകുന്ന കഴുത്തു, പുറം വേദനയും കാഴ്‌്‌ച, കേള്‍വി തകരാറുകളും ശിരോ, ത്വക്‌ രോഗങ്ങളും വ്യാപകമാണെന്നു വ്യക്തമായതിനാലാണ്‌ ഭാരം കുറയ്‌ക്കാനും വായു കടത്താനുമുള്ള നീക്കം. ഇതുസംബന്ധിച്ച പരാതികള്‍ക്കു അധികൃതര്‍ ചെവികൊടുത്തിരുന്നില്ല. വിദേശങ്ങളില്‍ ഭാരം കുറഞ്ഞ വസ്‌തുക്കളുപയോഗിച്ചു നിര്‍മ്മിക്കുന്ന ഹെല്‍മറ്റുകള്‍ക്കു ഒരു കിലോഗ്രാമില്‍ താഴെയാണ്‌ ഭാരം,

ഇക്കാലമത്രയും അശാസ്‌ത്രീയമായ ഹെല്‍മറ്റുകളെക്കുറിച്ച്‌ പരാതികള്‍ ഏറെ നല്‌കിയിട്ടും സര്‍ക്കാരോ കോടതിയോ നിയമനിര്‍മാതാക്കളായ പാര്‍ലമെന്റ്‌ അംഗങ്ങളോ പരിഗണിച്ചിട്ടില്ല. ഹെല്‍മറ്റ്‌ വച്ചാല്‍ അപകടം ഒഴിവാകുമെന്നോ പരിക്കേല്‍ക്കുകയില്ലെന്നോ മരിക്കുകയില്ലന്നോ സര്‍ക്കാരും കോടതിയും ബിഐഎസും ഒരിക്കലും ഉറപ്പു നല്‌കാതിരിക്കെ മരണകാരണം ചൂണ്ടിക്കാട്ടിയാണ്‌ മുന്‍കൂര്‍ പിഴ പിരിച്ചുകൊണ്ടിരുന്നത്‌. മറ്റു റോഡപകട കാരണങ്ങളോ ഉള്‍പ്പെടുന്ന വാഹനങ്ങളോ സാഹചര്യങ്ങളോ കണക്കിലെടുക്കാതെ ഇരുചക്രവാഹന യാത്രക്കാരെ മാത്രമാണ്‌ പ്രധാനമായും പീഡിപ്പിക്കാന്‍ ഉന്നമിടുന്നത്‌. ഹെല്‍മറ്റ്‌ വയ്‌ക്കാത്തത്‌ റോഡിലെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന നിലയിലാണ്‌ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഇരുചക്രവാഹയാത്രികരോടുള്ള പെരുമാറ്റം. അന്യര്‍ക്കു മാനസികമായോ ശാരീരികമായോ ക്ഷതമുണ്ടാക്കാത്ത കാര്യങ്ങള്‍ക്കു റോഡില്‍ പിടികൂടലും വിചാരണ കൂടാതെയുള്ള പിഴയും മനുഷ്യാവകാശ ലംഘനമാണ്‌. ഹെല്‍മറ്റില്ലാത്തവരെ പിടികൂടാനുള്ള ശ്രമത്തിനിടയിലെ റോഡിലെ പൊലീസ്‌ അതിക്രമങ്ങള്‍ മൂലം അനേകം പേര്‍ക്കു പരിക്കേല്‍ക്കുകയും പലരും മരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഹെല്‍മറ്റില്‍ ഐഎസ്‌ഐ മുദ്ര ആര്‍ക്കും പതിക്കാം എന്നതാണ്‌ സ്ഥിതി. എന്നാല്‍ വിപണിയില്‍ വില്‌ക്കപ്പെടുന്നവ മാനദണ്ഡങ്ങള്‍ പാലിച്ചവയാണോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിനു സംവിധാനങ്ങളില്ല. ചൈനയിലും മറ്റും വന്‍തോതില്‍ നിര്‍മിച്ചു ഇന്ത്യയില്‍ കൊണ്ടു വന്നു വില്‌ക്കുന്ന ഹെല്‍മറ്റുകളൊന്നും തന്നെ കൃത്യമായി പരിശോധിക്കപ്പെടാറില്ലെന്നു പരാതിയുണ്ടായിരുന്നു. വഴിവക്കില്‍ കൂട്ടിയിട്ടു വില്‌ക്കുന്ന, കാഴ്‌ചയില്‍ തന്നെ നിലവാരമില്ലാത്തവ പോലും വില്‌ക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‌കി. താഴെ വീണാല്‍ പൊട്ടുന്നവയാണ്‌ മിക്കതും. ആരും താഴെയിടാത്തതിനാല്‍ അതു തെളിയുന്നില്ലന്നേയുള്ളു. പഴയ ഹെല്‍മറ്റുകള്‍ ഒഴിവാക്കി പുതിയവയുടെ വില്‌പന പൊടിപൊടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ്‌ വിപണതന്ത്രമാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌. വ്യാജവും നിലവാരമില്ലാത്തതുമായ ഹെല്‍മറ്റുകളെല്ലാം പിടിച്ചെടുത്ത്‌ പൊതുജനമധ്യേയിട്ടു നശിപ്പിക്കണമെന്നു കഴിഞ്ഞ നാല്‌പതു വര്‍ഷമായി മാറിമാറി കേരളം ഭരിച്ച യുഡിഎഫ്‌, എല്‍ഡിഎഫ്‌ സര്‍ക്കാരുകളോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അവയ്‌ക്കൊന്നിനും ആരും കൈപ്പറ്റു രസീതു പോലും നല്‌കിയിട്ടില്ല. സര്‍ക്കാരുകള്‍ക്കു പിഴപ്പിരിവു മാത്രമാണ്‌ ലക്ഷ്യമെന്നും ജനങ്ങളുടെ തലക്കാര്യത്തില്‍ ഒരു ആത്മാര്‍ഥതയില്ലെന്നും തെളിയിക്കുന്ന നടപടിയാണത്‌.

ഹൈക്കോടതി ജഡ്‌ജിമാരും മന്ത്രിമാരും എംപിമാരും സാധാരണ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ല. അവര്‍ക്ക്‌ കര്‍ട്ടനിട്ട സര്‍ക്കാര്‍ വക നാലുചക്ര ആഡംബര വാഹനങ്ങളും അവയോടിക്കാന്‍ ഡ്രൈവര്‍മാരും ഉള്ളതിനാല്‍ വിഷയത്തില്‍ താത്‌പര്യമില്ലതാനും. കുട്ടികകളുടെ തലയ്‌ക്കു പാകമായ വലുപ്പത്തിലുള്ള ഹെല്‍മറ്റുകള്‍ ലഭ്യമല്ലെന്നു ഹെല്‍മറ്റ്‌ സംബന്ധിച്ച ഒരു ഹര്‍ജിയില്‍ പരാതിപ്പെട്ടപ്പോള്‍ യാത്രയില്‍ നിന്നു കുട്ടികളെ ഒഴിവാക്കാനാണ്‌ ഒരു ഹൈക്കോടതി ജഡ്‌ജി നിര്‍ദേശിച്ചത്‌! ഇതേസമയം, കാറുകളിലെ സണ്‍ഫിലിം നിരോധിച്ച സുപ്രീം കോടതി വിധിയിലെ കാരണപരാമര്‍ശങ്ങള്‍ ഹെല്‍മറ്റു ധരിക്കുന്നവര്‍ക്കു അതിലേറെ ബാധകമാണുതാനും!!

വീലേഴ്‌സ്‌ കേരള