Breaking News

Trending right now:
Description
 
Jul 27, 2018

ഹനാനെതിരെ നടന്നത്‌ സോഷ്യല്‍മീഡിയാ ഗുണ്ടായിസം: വനിതാ കമ്മീഷന്‍

image തമ്മനത്തു റോഡരുകില്‍ കോളജ്‌ യൂണിഫോമില്‍ മത്സ്യവില്‍പ്പന നടത്തിയ ഹനാനെതിരെ നടന്നത്‌ സോഷ്യല്‍മീഡിയ ഗുണ്ടായിസമാണെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വ്യക്തമാക്കി. ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്‌. സമൂഹമാധ്യമങ്ങളില്‍ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ മുന്നറിയിപ്പുനല്‍കി. നാളെ ഹനാനെ നേരില്‍കാണുമെന്നും ജോസഫൈന്‍ വ്യക്തമാക്കി. തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ചുള്ളവാര്‍ത്ത പുറത്തുവന്നതോടെ ഈ വിദ്യാര്‍ഥിനി ഏറെ ശ്രദ്ധനേടുകയായിരുന്നു. ഒട്ടേറെപ്പേര്‍ സഹായവാഗ്‌ദാനവുമായി രംഗത്ത്‌ എത്തി. തൊടുപുഴ അല്‍ അസര്‍ കോളജില്‍ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഈ തൃശൂര്‍ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വകതേടിയാണ്‌ മീല്‍വില്‍പ്പന നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്‌. വാര്‍ത്തയ്‌ക്കു പിന്നാലെ തന്റെ അടുത്ത സിനിമയില്‍ ഹനാന്‌ അവസരം നല്‍കുമെന്നു സംവിധായകന്‍ അരുണ്‍ഗോപിയുടെ വാഗ്‌ദാനവുമുണ്ടായി.
കഠിനാധ്വാനിയായ ബിരുദവിദ്യാര്‍ഥിനിയോട്‌ അനുകമ്പ പ്രകടിപ്പിച്ച്‌ സഹായമനസ്ഥിതിയോടെ പ്രതികരിക്കുന്നവരുടെ എണ്ണം കൂടിയതോടെ തൊട്ടുപിന്നാലെതന്നെ വാര്‍ത്ത വ്യാജമാണെന്നു പറഞ്ഞ്‌ പെണ്‍കുട്ടിക്കെതിരെ വാട്‌സ്‌ആപ്‌ പ്രചരണം ശക്തമായി. മീന്‍കാരി പെണ്ണ്‌ മലയാളികളെ വിഡ്‌ഢികളാക്കുന്നു എന്ന തലക്കെട്ടോടെയാണ്‌ സന്ദേശങ്ങള്‍ വാട്‌സ്‌ആപ്പില്‍ പറന്നത്‌. ഇതിനിടെ ജീവിക്കാന്‍ അനുവദിക്കണമെന്നു അഭ്യര്‍ഥനയുമായി ഹനാന്‍ രംഗത്ത്‌ എത്തി. ഇത്രയും കാലം കഷ്ടപ്പെട്ടാണ്‌ ജീവിച്ചത്‌. ഉപജീവനമാര്‍ഗമായിരുന്ന മീന്‍കച്ചവടം നടത്താന്‍ ഇപ്പോള്‍ നാട്ടുകാരും പൊലീസും സമ്മതിക്കുന്നില്ല. വേറെ വരുമാനം ഇല്ലാത്തതിനാല്‍ മീന്‍കച്ചവടം തുടരും. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അലഞ്ഞിട്ടുണ്ട്‌. ഇവന്റ്‌ മാനേജ്‌മെന്റ്‌, ആങ്കറിങ്‌ തുടങ്ങി അറിയാവുന്ന ജോലികള്‍ വേറെയുണ്ടെങ്കിലും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ആരോഗ്യസ്ഥിതിയും ധനസ്ഥിതിയും അനുവദിക്കുന്നില്ല. അതുകൊണ്ടാണ്‌ മീന്‍ കച്ചവടം തുടങ്ങിയതെന്നു ഹനാന്‍ പറയുന്നു.