Breaking News

Trending right now:
Description
 
Feb 10, 2013

നര്‍മത്തിന്റെ നവരസങ്ങള്‍ക്കൊപ്പം സത്യത്തിന്റെ നീരൊഴുക്കിനൊപ്പം മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത

Global Malayalam Exclusive
image മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുമായി ഗ്ലോബല്‍ മലയാളം പ്രതിനിധി ഇ.എസ്‌. ജിജിമോള്‍ നടത്തിയ എക്‌സ്‌ക്ലൂസീവ്‌ ഇന്റര്‍വ്യൂ

ഫലിതം പറയാറില്ല ക്രിസോസ്റ്റം തിരുമേനി. എന്നിട്ടും പലരും പറയാറുണ്ട്‌ ചിരിയുടെ തമ്പുരാനാണ്‌ തിരുമേനിയെന്ന്‌. തിരുമേനി പെട്ടെന്ന്‌ ചിരിക്കുന്നയാളുമല്ല. എന്നാല്‍ വിഷയങ്ങളോട്‌ പ്രതികരിക്കുന്നത്‌ നര്‍മത്തില്‍ പൊതിഞ്ഞാണ്‌. പക്ഷേ അതിലൊരു സത്യമുണ്ട്‌, ചിന്തകളെ ഉണര്‍ത്തുന്ന ധര്‍മ്മത്തിന്റെയും സമഭാവനയുടെയും സത്യം. മാര്‍ത്തോമ സഭയിലെ പുരോഹിതനായിരുന്ന പത്തനംതിട്ടയിലെ കല്ലൂപ്പാറ സ്വദേശിയായ കെ.ഇ ഉമ്മന്റെ മകനായ ക്രിസോസ്‌റ്റം തിരുമേനി സത്യങ്ങളെ എങ്ങനെയാണ്‌ ഇത്ര മധുരമായി പറയാന്‍ പഠിച്ചത്‌. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ചെല്ലപേരായി ഇട്ടത്‌ 'ധര്‍മ്മിഷ്‌ഠന്‍' എന്നായിരുന്നു. ഈ പേരിനോട്‌ നീതി പുലര്‍ത്താന്‍ ഈ 95-ാം വയസ്സിലും ഇദ്ദേഹത്തിന്‌ സാധിക്കുന്നുണ്ട്‌.

അദ്ദേഹം ഒരിക്കല്‍ സ്‌കൂള്‍കുട്ടികളോട്‌ നടത്തിയ സംവാദത്തില്‍ വിദ്യാഭ്യാസത്തെ നിര്‍വചിച്ചത്‌ ഇങ്ങനെയായിരുന്നു. വിദ്യാഭ്യാസമെന്ന്‌ ചക്കക്കുരുവിനുള്ളില്‍ ഒരു പ്ലാവും അതില്‍ നിറയെ ചക്കകളുമുണ്ടെന്ന്‌ കാണാന്‍ കഴിയുന്ന ഒന്നാണെന്ന്‌. സത്യത്തില്‍ തിരുമേനിയുടെ വാക്കുകളും അങ്ങനെയാണ്‌.

ബാല്യത്തിന്റെ നൂറു സ്‌മരണകള്‍ ഒഴുകുന്ന പമ്പയുടെ തീരത്തെ മാരാമണിലുള്ള വസതിയിലാണ്‌ ക്രിസോസ്‌റ്റം തിരുമേനിയുടെ ഇപ്പോഴത്തെ താമസം. ചുറുചുറുക്കോടെ ചിന്തകളില്‍ മധുരം വിതറി നര്‍മ്മത്തിലൂടെ നോവാതെ നുള്ളി സത്യം വിളിച്ചു പറയുന്നു എല്ലാവരോടും. കാലം എത്ര ശ്രമിച്ചിട്ടും ഇത്തിരിയെങ്കിലും തളര്‍ത്താനായത്‌ അദ്ദേഹത്തിന്റെ ശരീരത്തെ മാത്രം. ഗ്ലോബല്‍ മലയാളവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ഗ്ലോബല്‍ മലയാളം: തിരുമേനിയെ ചിരിയുടെ തമ്പുരാന്‍ എന്നാണല്ലോ എല്ലാവരും പറയുന്നത്‌. തിരുമേനി എവിടെ നിന്നാണ്‌ സത്യങ്ങളെ ഇത്ര സരസമായി അവതരിപ്പിക്കാന്‍ പഠിച്ചത്‌?


ഞാന്‍ മാര്‍ത്തോമ സഭയുടെ ഒരു പ്രായംചെന്ന തിരുമേനിയല്ലേ, അതുകൊണ്ട്‌ ഞാന്‍ എന്തു പറഞ്ഞാലും നാട്ടുകാരു ചിരിക്കും. വലിയ സംഭവമാ തിരുമേനി എന്നു പറയും... എന്തോന്നാ പേരു പറഞ്ഞത്‌?

"ജിജി."

ങാ... ജിജി പറഞ്ഞാല്‍ നാട്ടുകാര്‍ ചിരിക്കില്ല ചിലപ്പോള്‍ തല്ലു കിട്ടിയെന്നിരിക്കും അത്രേയുള്ളു കാര്യം. അല്ലാതെ അതില്‍ വലിയ രഹസ്യമൊന്നുമില്ല. ദൈവം പറയുന്നുവെന്നൊക്കെ പറഞ്ഞ്‌ വലിയ കാര്യങ്ങള്‍ പറഞ്ഞാല്‍ നാട്ടുകാരു പറയും, ദൈവത്തിന്റെ അടുത്ത പുള്ളിയാ കക്ഷിയെന്ന്‌. സാധാരണക്കാര്‍ക്ക്‌ മനസിലാകുന്ന കാര്യം വളരെ സരസമായി ഞാന്‍ അവതരിപ്പിക്കുന്നുവെന്നു മാത്രം. വലിയ അറിവുള്ളവര്‍ ആശയമാണ്‌ നോക്കുന്നത്‌. ആശയം സാധാരണക്കാരില്‍ എത്തണമെങ്കില്‍ സാധാരണക്കാരക്ക്‌ മനസിലാവുന്ന ഭാഷയില്‍ പറയണം.

ഗ്ലോബല്‍ മലയാളം:  തിരുമേനിയുടെ പിതാവ്‌ ഗൗരവക്കാരനായ പുരോഹിതനായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. പിതാവ്‌ അങ്ങയുടെ തമാശ കേട്ട്‌ ചിരിച്ചിട്ടുണ്ടോ?

പിതാവ്‌ എന്നെ കാണുമ്പോഴെ ചിരിക്കുമായിരുന്നു. ഞാന്‍ ഒരു ദിവസം പറഞ്ഞ നര്‍മ്മം അദ്ദേഹം തന്റെ മൊത്തം ആയസില്‍ പറഞ്ഞ്‌ കാണില്ല. പണ്ടെന്നല്ല, ഇന്നും ഭക്തിയെക്കുറിച്ച്‌ പറയുമ്പോള്‍ ആള്‍ക്കാരുടെ വിശ്വാസം ചിരിക്കാന്‍ പാടില്ലെന്നാണ്‌. മെത്രാന്മാരുടെ പ്രസംഗമൊക്കെ പ്രാര്‍ത്ഥനയോടെ കേള്‍ക്കണമെന്നാ... അതുകൊണ്ടെന്താ പ്രാര്‍ത്ഥന പിന്നെ ധ്യാനമാകും. അതുകൊണ്ട്‌ ഞാന്‍ പറയുന്നത്‌ നിങ്ങള്‍ എന്റെ പ്രസംഗം കഴിഞ്ഞിട്ടേ പ്രാര്‍ത്ഥിക്കാവൂ എന്നാണ്‌.

ഗ്ലോബല്‍ മലയാളം:  ക്രിസ്‌തുമത വിശ്വാസിയായ തിരുമേനി മറ്റു മതസ്ഥരുമായി കൂട്ടുകൂടുകയും വിവിധ മതനേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നയാളുമാണ്‌. അടുത്തകാലത്തായി മതസൗഹാര്‍ദ്ദം കേരളത്തില്‍ നഷ്ടപ്പെടുകയാണോ

ഫലം കാണുന്നത്‌ ഇപ്പോഴാണെന്നല്ലേയുള്ളു, അതായത്‌ ഈ പമ്പാനദിയില്‍ ഇപ്പോള്‍ വെള്ളം കുറവാണ്‌. അത്‌ ഒരു ദിവസം കൊണ്ട്‌ സംഭവിച്ചതല്ല. നൂറ്റാണ്ടുകളായി കാടും മലയും വെട്ടി ഒഴുക്ക്‌ നഷ്ടപ്പെടുത്തിയതിന്റെ ഫലമാ... അതുപോലെ ഒരുദിവസം രാവിലെ കേരളത്തില്‍ മതസൗഹാര്‍ദ്ദം നഷ്ടപ്പെട്ടതാണന്നാണോ കരുതുന്നത്‌. അല്ല ഒരമ്മ തന്റെ കുഞ്ഞിനെ പ്രസവിക്കുന്നത്‌ പത്ത്‌ മാസം ചുമന്നിട്ടല്ലേ, അപ്പോള്‍ പ്രശ്‌നങ്ങള്‍ ഒരു ദിവസം കൊണ്ട്‌ ഉണ്ടാകുന്നതല്ല, ഫലം കാണുന്നത്‌ ഇപ്പോഴാണെന്നേയുള്ളൂ.

ഗ്ലോബല്‍ മലയാളം:  കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ അവകാശത്തില്‍ കടന്നുകയറുന്നതാണ്‌ പ്രശ്‌നമെന്നാ എന്‍എസ്‌എസും എസ്‌എന്‍ഡിപിയുമൊക്കെ പറയുന്നത്‌, ഭൂരിപക്ഷ വിരുദ്ധനയമാണോ ഇവിടെ ഇപ്പോള്‍ നിലവിലുള്ളത്‌?

മറ്റവന്‍ പട്ടിണി കിടന്നാലും എനിക്ക്‌ ആ പുരയിടം കുഴിക്കണമെന്നാണ്‌ ചിലരുടെ നയം. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം ഭരണത്തില്‍ കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല. ഓരോരുത്തരും അങ്ങനെ അവകാശപ്പെടുവാന്‍ പോയാല്‍ കാര്യം എവിടെ ചെന്നു നില്‌ക്കും. ഈ ന്യൂനപക്ഷത്തില്‍ തന്നെ ക്രിസ്‌ത്യാനികളുടെ കാര്യമെടുത്താല്‍ മാര്‍ത്തോമ, യാക്കോബായ, കത്തോലിക്ക, പെന്തക്കോസ്‌ത്‌ അങ്ങനെ നൂറായിരം പേരുണ്ട്‌. അവര്‍ക്കെല്ലാം ഒരോരുത്തരെ വീതം കൊടുക്കാന്‍ പറ്റുമോ? ഒരു സ്‌കൂളില്‍ ടീച്ചര്‍മാരെ പൂര്‍ണമായി നിയമിക്കാന്‍ പറ്റില്ല. പകുതി ടീച്ചര്‍മാരെ പറ്റുമോ? അപ്പോള്‍ പിന്നെ, ഭരണത്തില്‍ അങ്ങനെ വേണമെന്ന്‌ പറഞ്ഞാല്‍ എന്തുചെയ്യും. നല്ലവരും ഭരിക്കട്ടെ. അതില്‍ ഭൂരിപക്ഷം ന്യൂനപക്ഷമെന്നൊന്നും വേര്‍തിരിവ്‌ പാടില്ല. പക്ഷേ ആരും ആരുടെയും അവകാശത്തില്‍ കടന്നുകയറാന്‍ പാടില്ല.


മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രോപ്പോലീത്തയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ ഗ്ലോബല്‍ മലയാളത്തില്‍ വായിക്കുക. മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചും കമ്യൂണിസ്‌റ്റുകാരുമായും കോണ്‍ഗ്രസുകാരുമായും സിനിമാക്കാരുമായുള്ള അടുപ്പത്തെക്കുറിച്ച്‌ ക്രിസോസ്‌റ്റം തിരുമേനി തുറന്നു പറയുന്നു 


 
Tags: Mar Chrisostum Metropolitan, Interview with Global Malayalam