Breaking News

Trending right now:
Description
 
Feb 10, 2013

മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന്‌ ആരംഭിക്കും

image വചനകൂടാരത്തിനു കീഴിലെ വിശ്വാസി സംഗമം-118-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 17വരെ പമ്പാ മണല്‍പ്പുറത്തെ വിശാലമായ പന്തലില്‍ നടക്കും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ ചുമതലയില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‌കും. റവ. ഫിലിപ്പ്‌ മൗണ്‌ട്‌സ്റ്റീഫന്‍ മുഖ്യപ്രസംഗം നടത്തും. നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും എന്നതാണ്‌ ഇക്കൊല്ലത്തെ കണ്‍വന്‍ഷന്റെ മുഖ്യചിന്താവിഷയം. സഭയിലെ ബിഷപ്പുമാരെ കൂടാതെ ദൈവശാസ്‌ത്ര പണ്ഡിതരായ റവ.ഫിലിപ്പ്‌ മൗണ്ട്‌ സ്റ്റീഫന്‍ (ഇംഗ്ലണ്ട്‌), റവ.ഡോ.വാട്ടര്‍ ആള്‍ട്‌മാന്‍ (ബ്രസീല്‍), റവ.ആന്‍ഡിലെ ബെറ്റെ (ആഫ്രിക്ക), ഡോ.ഡെക്‌സറ്റര്‍ മെബന്‍ (ബാംഗളൂര്‍) എന്നിവരാണ്‌ ഇക്കൊല്ലത്തെ പ്രധാന പ്രസംഗകര്‍. നാളെ മുതല്‍ എല്ലാ ദിവസവും രാവിലെ പത്തിനും ഉച്ചകഴിഞ്ഞ്‌ രണ്ടിനും യോഗങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 6.30നു പുരുഷന്മാര്‍ക്കായുള്ള യോഗമാണ്‌. 17ന്‌ ഉച്ചകഴിഞ്ഞുള്ള യോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. 12നു രാവിലത്തെ യോഗത്തില്‍ ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത സന്ദേശം നല്‌കും. 13നു രാവിലെ എക്യുമെനിക്കല്‍ യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവയും ഉച്ചകഴിഞ്ഞ്‌ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള യോഗത്തില്‍ ബിഷപ്‌ തോമസ്‌ കെ.ഉമ്മനും പ്രസംഗിക്കും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ പഞ്ചക രജതജൂബിലി 16നു രാവിലെയുള്ള യോഗത്തില്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.