Breaking News

Trending right now:
Description
 
Jul 22, 2018

വെള്ളപ്പൊക്കം ഒഴിവാക്കാന്‍ തണ്ണീര്‍മുക്കം ബണ്ടിലെ മധ്യഭാഗത്തെ ഷട്ടറുകളും തുറക്കണം: ടി.ആര്‍.എ

image ആലപ്പുഴ: തുടര്‍ച്ചയായ മഴ മൂലം കുട്ടനാട്‌ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ ആഴ്‌ചകളായി അനുഭവപ്പെടുന്ന വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും ഒഴിവാക്കാന്‍ തണ്ണീര്‍മുക്കം ബണ്ട്‌ റോഡ്‌ വികസന പദ്ധതിയുടെ മധ്യഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ഷട്ടറുകള്‍കൂടി ഉടന്‍ തുറന്നു വെള്ളം തള്ളിക്കളയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ എസ്‌.സുഹാസിനോട്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു. നിര്‍മാണം പൂര്‍ത്തിയായിട്ടും ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിക്കാത്തതിനാലാണ്‌ ഷട്ടറുകള്‍ തുറക്കാത്തതെന്നാണ്‌ അറിയുന്നത്‌. പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്‌.ഡാമുകളിലെ ഷട്ടറുകള്‍ തുറന്നു പുറന്തള്ളപ്പെടുന്ന ജലവും കുട്ടനാടന്‍ പ്രദേശങ്ങളിലാണ്‌ എത്തുക. കടലിലേക്കുള്ള നീരൊഴുക്കു സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അമാന്തം പാടില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ കൂടെ ഉള്‍പ്പെടുത്തിയായിരുന്നു ബണ്ടു നിര്‍മാണം. ബണ്ടിന്റെ മുഴുവന്‍ ഭാഗത്തേയും ഷട്ടറുകള്‍ തുറക്കുമ്പോള്‍ നീരൊഴുക്കു കൂടുതല്‍ ശക്തി പ്രാപിച്ചു കുട്ടനാടന്‍ ജലാശയങ്ങള്‍ മാലിന്യമുക്തമാകും എന്ന പ്രതീക്ഷയുമുണ്ട്‌.

ബണ്ട്‌ റോഡ്‌ ഉള്‍പ്പടെയുള്ള മൂന്നാം ഘട്ടം പൂര്‍ത്തിയായി ആഴ്‌ചകള്‍ കഴിഞ്ഞിട്ടും ഒഴുക്കിനു തടസ്സമായ മണ്‍ചിറ പൊളിച്ചു നീക്കാതെയും നടുഭാഗത്തെ ഷട്ടറുകള്‍ തുറക്കാതെയും ആലപ്പുഴയുടെ പ്രാന്ത പ്രദേശങ്ങളെയും കുട്ടനാടിനെയും ദുരിതത്തിലേക്കു തള്ളിയിട്ടതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഉണ്ടോയെന്നു കൂടി അന്വേഷിക്കേണ്ടതാണ്‌. വെള്ളപ്പൊക്കവും ഓരുവെള്ളവും തടയാന്‍ ഉദ്ദേശിച്ചുള്ള തണ്ണീര്‍മുക്കം ബണ്ട്‌ ഫലപ്രദമായി എത്രയും വേഗം പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നു പ്രളയബാധിത പ്രദേശങ്ങള്‍ നേരിട്ടു കാണാനെത്തുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സഹമന്ത്രി കിരണ്‍ റിജിജുവിനോടും അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.