Breaking News

Trending right now:
Description
 
Jul 21, 2018

അലഞ്ഞുതിരിയുന്ന നായ്‌ക്കളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്നു ആലപ്പുഴ നഗരസഭ

image ആലപ്പുഴ: പട്ടണത്തില്‍ നാട്ടുകാര്‍ക്കു ശല്യമായി അലഞ്ഞുതിരിയുന്ന വന്‍തോതിലുള്ള തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്നു ആലപ്പുഴ നഗരസഭ. നായ്‌ക്കളെ ഉന്മൂലനം ചെയ്യുന്നതിനു നിയമം തടസ്സമായി നില്‌ക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടിയാണിത്‌. തെരുവുനായ്‌ക്കളുടെ ശല്യം മൂലം നിരത്തുകളിലേക്ക്‌ യാതൊരു ആവശ്യത്തിനും ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി സ്ഥിരമായുണ്ട്‌.വളര്‍ത്തു മൃഗങ്ങള്‍ക്കു നേരേയും ആക്രമണമുണ്ട്‌. റോഡുകളില്‍ മാത്രമല്ല റെയില്‍വേ സ്‌റ്റേഷനും ബീച്ചും അടക്കമുള്ള പൊതുസ്ഥലങ്ങളിലും നായ്‌ശല്യം കൂടുന്നതു വിനോദസഞ്ചാരികളില്‍ ഭീതിയുണര്‍ത്തുന്നുമുണ്ട്‌.തെരുവുനായ്‌ക്കളുടെ ആക്രമണങ്ങളും അവയുണ്ടാക്കുന്ന നാശനഷ്ടങ്ങളും ചൂണ്ടിക്കാട്ടി തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമര്‍പ്പിച്ചുള്ള പരാതികളുടെമേല്‍ നടപടിയില്ലാത്തതിനെത്തുടര്‍ന്നു നിയമനടപടികളുടെ ഭാഗമായി മുനിസിപ്പല്‍ സെക്രട്ടറിക്കു നല്‌കിയ നോട്ടീസിനു മുനിസിപ്പല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ നല്‌കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌.

നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും അനുസരിച്ചു നായ്‌ക്കളെ വന്ധ്യംകരിക്കാനുള്ള ആനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ പ്രോഗ്രാം (എ.ബി.സി) മാത്രമാണ്‌ നടപ്പിലാക്കാന്‍ സാധിക്കുന്നതെന്നു ഹെല്‍ത്ത്‌ ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. അതിനു വേണ്ടി ആലപ്പുഴ നഗരസഭ പ്രോജക്ട്‌ തയാറാക്കിയിട്ടുള്ളതും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തുന്ന പദ്ധതിക്ക്‌ നഗരസഭാ വിഹിതമായി 12,50,000 രൂപ വകയിരുത്തിയിട്ടുള്ളതുമാണ്‌. നായ്‌ക്കളെ വന്ധ്യംകരിച്ചാല്‍ തന്നെ അവയെ പാര്‍പ്പിക്കുന്നതിനു അനുയോജ്യമായ സൗകര്യം നഗരസഭയുടെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ അധീനതയിലില്ല. അതിനാല്‍ നഗരസഭയ്‌ക്ക്‌ തുക ഫലപ്രദമായി ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌. തെരുവുനായയ്‌ക്കളുടെ വര്‍ധനവിനു കാരണമായി ഭക്ഷണവസ്‌തുക്കള്‍ ലഭ്യമാകുന്ന റോഡുവക്കിലെ മാലിന്യങ്ങള്‍ നഗരസഭ ഹെല്‍ത്ത്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദൈനംദിനം നീക്കം ചെയ്യുകയും അവ നഗരസഭാ പരിധിയില്‍ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എയറോബിക്‌ പ്ലാന്റുകള്‍ വഴി സംസ്‌ക്കരിച്ച്‌ വളമാക്കി മാറ്റുകയാണ്‌ ചെയ്യുന്നതെന്നും ഹെല്‍ത്ത്‌ ഓഫീസര്‍ കത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.

പൂര്‍ണമായും തെരുവുനായ്‌ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു ഉന്മുലനം ചെയ്യണമെന്നാണ്‌ പൊതുജനങ്ങളുടെ പൊതുവായുള്ള ആവശ്യം. ഇതിനെതിരെ തടസ്സവാദം ഉന്നയിക്കുന്ന മൃഗസ്‌നേഹികള്‍ അവയെ ഏറ്റെടുത്തു സ്വന്തം വീടുകളില്‍ കൂടുകളിലടച്ചു തീറ്റ നല്‌കി വളര്‍ത്തി പരിരക്ഷിക്കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അസഹനീയമായ തെരുവുനായ്‌ ശല്യം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയായിരുന്നു മുനിസിപ്പല്‍ സെക്രട്ടറിക്കു ടി.ആര്‍.എ നോട്ടീസ്‌ നല്‌കിയിരുന്നത്‌. ടി.ആര്‍.എ പ്രദേശത്ത്‌ വര്‍ഷങ്ങളായുള്ള നായ്‌ശല്യത്തിനെതിരേ ആവര്‍ത്തിച്ചു പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ്‌ നിയമനടപടികളിലേക്കു കടക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. മുനിസിപ്പാലിറ്റിയുടെ ഇപ്പോഴുള്ള യു.ഡി.എഫ്‌ ഭരണകാലത്തും മുന്‍പത്തെ എല്‍.ഡി.എഫ്‌ ഭരണകാലത്തും തെരുവുനായ്‌ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഒരു പരാതിക്കും മറുപടി നല്‌കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനാലാണു നിയമമാര്‍ഗം തേടാന്‍ തുടങ്ങിയതെന്നു പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.