Breaking News

Trending right now:
Description
 
Jul 20, 2018

മുന്‍ ധനമന്ത്രി ചിദംബരത്തിനും മകുമെതിരെ സിബിഐ കുറ്റപത്രം

image എയര്‍സെല്‍-മാക്‌സിസ്‌ കമ്പനി അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി.ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പാട്യാല ഹൗസ്‌ കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. മുന്‍ ധനകാര്യ സെക്രട്ടറി, സാമ്പത്തികകാര്യവകുപ്പ്‌ മുന്‍ സെക്രട്ടറി, നിലവില്‍ സര്‍വീസിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേരെക്കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കേസ്‌ ഈമാസം 31നു പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിലാണ്‌ ചിദംബരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ജൂണ്‍ 13നു സമര്‍പ്പിച്ച ആദ്യ കുറ്റപ്പത്രത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേര്‌ മാത്രമാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. കമ്പനിക്കു വിദേശത്തുനിന്നു നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കാനുള്ള അധികാരം മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്കാണെന്നിരിക്കെ, ചിദംബരം ഇടപെട്ട്‌ അനുമതി നല്‍കുകയായിരുന്നുവെന്നാണ്‌ സിബിഐയുടെ ആരോപണം. ഇതിന്‌ ചിദംബരത്തിന്‌ കോഴയായി 26 ലക്ഷം രൂപ ലഭിച്ചുവെന്നു അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പ്രതികള്‍ക്കെല്ലാം ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ പറയുന്നു. ഷീന ബോറ വധക്കേസില്‍ ജയിലില്‍കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ഐഎന്‍എക്‌സ്‌ മീഡിയയ്‌ക്കും കാര്‍ത്തി ചിദംബരത്തിന്റെ ഇടനിലയിലൂടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ നിയമവിരുദ്ധ സഹായം ചെയ്‌തുവെന്ന കേസും നിലവിലുണ്ട്‌. ഇന്ദ്രാണിയുടെ മൊഴിപ്രകാരമാണ്‌ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന്‌ ചെന്നൈ വിമാനത്താവളത്തില്‍വച്ച്‌ സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്‌തത്‌.