Breaking News

Trending right now:
Description
 
Jul 20, 2018

പ്രധാനമന്ത്രി കയ്യൊഴിഞ്ഞു; സര്‍വകക്ഷിസംഘം വെറുംകയ്യോടെ മടങ്ങി

image പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘത്തിന്‌ വെറും കയ്യോടെ മടങ്ങേണ്ടിവന്നു. കേരളത്തിന്റെ സുപ്രധാനമായ ആറു ആവശ്യങ്ങളാണ്‌ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പുപോലും നല്‍കാന്‍ തയാറാകാതെ പ്രധാനമന്ത്രി കൈമലര്‍ത്തുകയായിരുന്നു. ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണം, കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറി സ്ഥാപിക്കുന്നത്‌ വേഗത്തിലാക്കണം, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണം, കോഴിക്കോട്‌ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യത്തിനുവേണ്ടിയുള്ള ഇടപെടല്‍ തുടങ്ങിയ ആവശ്യങ്ങളിലാണ്‌ പ്രധാനമന്ത്രി മുഖം തിരിച്ചത്‌. അങ്കമാലി-ശബരി പാതയുടെ കാര്യം റെയില്‍വേ മന്ത്രിയുമായി ആലോചിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റിനെ ഏറ്റെടുക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അനുകൂലമായ തീരുമാനമെടുക്കണമെന്ന ആവശ്യത്തിന്‌ എച്ച്‌എന്‍എല്‍ വാങ്ങാനുള്ള ലേലത്തില്‍ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കാലവര്‍ഷക്കെടുതിയെക്കുറിച്ചു വിശദീകരിച്ചപ്പോള്‍, എല്ലാ റിപ്പോര്‍ട്ടുകളും ദിവസവും ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സര്‍വകക്ഷിസംഘത്തെ പ്രധാനമന്ത്രി അറിയിച്ചത്‌. കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ സര്‍വകക്ഷിസംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി അതൃപ്‌തി അറിയിച്ചു.