Breaking News

Trending right now:
Description
 
Jul 20, 2018

പാര്‍ലമെന്റ്‌ ജനാധിപത്യത്തിലെ സുപ്രധാന ദിനം ഇന്ന്‌: പ്രധാനമന്ത്രി

image പാര്‍ലമെന്റ്‌ ജനാധിപത്യത്തിലെ സുപ്രധാന ദിനമാണ്‌ ഇന്ന്‌ എന്നും ക്രിയാത്മകവും തടസങ്ങളില്ലാതെയും ചര്‍ച്ചകള്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നടക്കാനിരിക്കെയാണ്‌ പ്രധാനമന്ത്രി ഇത്തരത്തില്‍ ട്വീറ്റ്‌ ചെയ്‌തത്‌. എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമാണ്‌. എല്ലാ അംഗങ്ങളും അവസരത്തിനൊത്ത്‌ ഉയരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നാലരവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണ്‌ ലോക്‌സഭ ഇന്നു പരിഗണിക്കുന്നത്‌. സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസത്തില്‍ ഐക്യത്തിന്റെ കൂട്ടായ്‌മ പരീക്ഷിക്കുകയാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമം. ഇന്ന്‌ സഭയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ വിവിധ കക്ഷികള്‍ എംപിമാര്‍ക്ക്‌ വിപ്പ്‌ നല്‍കി. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷ രാഹുല്‍ഗാന്ധിയും ചര്‍ച്ചയില്‍ പ്രസംഗിക്കും. ചര്‍ച്ചുയ്‌ക്കു ശേഷമാണ്‌ വോട്ടെടുപ്പ്‌. കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍, ടിഡിപി, സിപിഎം എന്നിവയാണ്‌ പ്രതിപക്ഷ നിരയിലെ പ്രബലകക്ഷികള്‍. അവിശ്വാസ പ്രമേയത്തെ അണ്ണാ ഡിഎംകെ പിന്തുണയ്‌ക്കില്ലെന്നു തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വ്യക്തമാക്കിയിട്ടുണ്ട്‌. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗങ്ങളുള്ള (37) കക്ഷിയാണ്‌ അണ്ണാ ഡിഎംകെ. അതേസമയം, ലോക്‌സഭയില്‍ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല.