Breaking News

Trending right now:
Description
 
Jul 19, 2018

സംസ്ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനം: 14 മരണംകൂടി; അടിയന്തര നടപടിയെന്ന്‌ കേന്ദ്രം

image സംസ്ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനം ഉണ്ടായെങ്കിലും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ദുരിതം തുടരുകയാണ്‌. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 14 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 102 ആയി. 12 പേരെ കാണാതായി. 59517 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്‌. അടിയന്തര ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്കും നാലുലക്ഷം രൂപാവീതം നല്‍കും. നാശനഷ്ടം വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസഹായം തേടി. കേന്ദ്രസംഘത്തെ അയയ്‌ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ രണ്ടുപേര്‍ വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒരോരുത്തരുമാണ്‌ മരിച്ചത്‌. ഫയര്‍ഫോഴ്‌സ്‌, പൊലീസ്‌ എന്നിവരെ കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണസേനയും രംഗത്തുണ്ട്‌. മരങ്ങള്‍വീണ്‌ വൈദ്യുതി പോസ്‌റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്ന്‌ കെഎസ്‌ഇബിയ്‌ക്കും വന്‍ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക്‌ മഴക്കെടുതികളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥി സിങ്‌ വ്യക്തമാക്കി. മഴക്കെടുതിമൂലം നട്ടംതിരിയുന്ന കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ച്‌ പാര്‍ലമെന്റില്‍ എ.സമ്പത്തും കൊടിക്കുന്നില്‍ സുരേഷും സംസാരിച്ചിരുന്നു. വിഷയത്തില്‍ ദുരന്തനിവാരണ സേനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നടപടിയെടുക്കാമെന്നാണ്‌ കേന്ദ്രമന്ത്രിയുടെ ഉറപ്പ്‌.