Breaking News

Trending right now:
Description
 
Jul 19, 2018

തമിഴ്‌ സീരിയല്‍നടി പ്രിയങ്ക ആത്മഹത്യചെയ്‌തു

image തമിഴ്‌ ടെലിവിഷന്‍ സീരിയല്‍നടി പ്രിയങ്കയെ (32) ചെന്നൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്‍സരവാക്കം ശിവന്‍ സ്‌ട്രീറ്റിലുള്ള ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ്‌ ബുധനാഴ്‌ച രാവിലെ മൃതദേഹം കണ്ടത്‌. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന്‌ ജീവനൊടുക്കിയതാകുമെന്നു പൊലീസ്‌ സംശയിക്കുന്നു. വീട്ടില്‍ ജോലിക്കെത്തിയ സ്‌ത്രീ വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന്‌ ജനാലവഴി നോക്കിയപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. തമിഴിലെ പ്രശസ്‌തമായ നിരവധി സീരിയലുകളില്‍ അഭിനയിച്ചുവന്ന നടിയാണ്‌ പ്രിയങ്ക. വംശം സീരിയലിലെ ജ്യോതിക എന്ന കഥാപാത്രത്തിലൂടെയാണ്‌ ഇവര്‍ ശ്രദ്ധനേടിയത്‌. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ അരുണ്‍ ബാലയെ ചോദ്യം ചെയ്യുമെന്നു പൊലീസ്‌ വ്യക്തമാക്കി. ബാസ്‌കറ്റ്‌ബോള്‍ പരിശീലകനാണ്‌ അരുണ്‍ ബാല. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്കു കുട്ടികളില്ല. പലപ്പോഴും ദമ്പതികള്‍ വഴക്കുകൂടാറുണ്ടായിരുന്നുവെന്നു അയല്‍വാസികള്‍ പൊലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. കുറച്ചുനാളായി പ്രിയങ്ക തനിച്ചായിരുന്നു താമസിച്ചിരുന്നത്‌.