Breaking News

Trending right now:
Description
 
Jul 19, 2018

സ്‌ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം: സുപ്രിംകോടതി

image പുരുഷന്മാര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനം അനുവദനീയമാണെങ്കില്‍ പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നു സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വാക്കാല്‍പറഞ്ഞു. ഇന്ത്യന്‍ ലോയേഴ്‌സ്‌ അസോസിയേഷന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഭരണഘടനാബെഞ്ച്‌. നിശ്ചിത പ്രായഗണത്തിലുള്ള സ്‌്‌ത്രീകള്‍ക്കു ക്ഷേത്രപ്രവേശനത്തിനുള്ള വിലക്ക്‌ ഭരണഘടനാ വിരുദ്ധമാണ്‌. വ്യക്തികള്‍ക്കുള്ള മതസ്വാതന്ത്ര്യമാണ്‌ ഭരണഘടനയുടെ 25 (1) വകുപ്പ്‌ ഉറപ്പുനല്‍കുന്നത്‌. അതില്‍ ആരാധനാ സ്വാതന്ത്ര്യമുണ്ട്‌. അത്‌ എല്ലാ വ്യക്തികള്‍ക്കുമുള്ളതാണ്‌. പുരുഷന്മാര്‍ക്ക്‌ മാത്രമല്ല. പ്രായത്തെയും ആരാധനയ്‌ക്കുള്ള അവകാശത്തെയും ബന്ധിപ്പിക്കുകയെന്നതു തികച്ചും അപ്രസക്തമാണ്‌. സ്‌ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത്‌ ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള വാദങ്ങളും കോടതി വാക്കാല്‍ തള്ളിക്കളഞ്ഞു. 10 മുതല്‍ 50 വയസുവരെ പ്രായഗണത്തിലുള്ള സ്‌ത്രീകള്‍ക്കാണ്‌ വിലക്ക്‌. ആര്‍ത്തവമാണ്‌ കാരണമെങ്കില്‍ 10 വയസിനു മുമ്പ്‌ ആര്‍ത്തവമുണ്ടാകുന്നവരും 50നുശേഷം ആര്‍ത്തവമുള്ളവരുമുണ്ട്‌. ആര്‍ത്തവം ഉണ്ടാകുമെന്നുകരുതി സ്‌ത്രീകളെ പ്രാര്‍ഥനയില്‍നിന്നോ തൊഴില്‍ ചെയ്യുന്നതില്‍നിന്നോ ഒഴിവാക്കുമോയെന്നു കോടതി ചോദിച്ചു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്കും പ്രവേശനമാകാമെന്നു പുതിയതായി നിലപാട്‌ അറിയിച്ച കേരളസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.