Breaking News

Trending right now:
Description
 
Jul 19, 2018

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുമരണം; സംഭവം ഇന്നു പുലര്‍ച്ചെ

image പെരുമ്പാവൂര്‍ ചേരാമറ്റം കാരിക്കോട്ട്‌ കാറും അയ്യപ്പ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കൂട്ടിയിടിച്ച്‌ കാറില്‍ ഉണ്ടായിരുന്ന അഞ്ച്‌ യുവാക്കള്‍ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്‌, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍, സുജിത്‌ എന്നിവരെ ഗുരുതരപരുക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ വിദേശത്തേക്കു യാത്രയയ്‌ക്കാന്‍ വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു കാര്‍ യാത്രികര്‍. വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍മരിച്ച ജെറിന്റെ സഹോദരനാണ്‌ ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്‌. കാറില്‍ ഏഴുപേരാണ്‌ ഉണ്ടായിരുന്നത്‌. ആന്ധ്രായില്‍നിന്നുള്ള അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ബസില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. തീര്‍ഥാടകസംഘം ആഹാരം കഴിച്ചശേഷം വീണ്ടും പുറപ്പെടാന്‍ ബസ്‌ എടുത്തപ്പോഴാണ്‌ അപകടമുണ്ടായത്‌. തടിലോറിയെ മറികടന്നുവരുകയായിരുന്നു കാര്‍. പൂര്‍ണമായും ബസിനുള്ളിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. കനത്തമഴയും അപകടകാരണമായതെന്നു കരുതുന്നു. കാര്‍ ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്‌ ഇടയാക്കിയതെന്നു പൊലീസ്‌ സംശയിക്കുന്നുണ്ട്‌. മൃതദേഹങ്ങള്‍ സാന്‍ജോ ആശുപത്രിയിലും പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്‌.