Breaking News

Trending right now:
Description
 
Jul 18, 2018

അഭിമന്യു കൊലക്കേസ്‌: മുഖ്യപ്രതി മുഹമ്മദ്‌ പൊലീസ്‌ പിടിയില്‍

image എറണാകുളം മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ്‌ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി മുഹമ്മദ്‌ പിടിയില്‍. ക്യാംപസ്‌ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ്‌ കോളജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ മുഹമ്മദാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തതും പ്രതികളെ വിളിച്ചുവരുത്തിയതെന്നുമാണ്‌ പൊലീസ്‌ പറയുന്നത്‌. എവിടെവച്ചാണ്‌ അറസ്‌റ്റു ചെയ്‌തതെന്ന വിവരം പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു സഹായിച്ച നാലുപേര്‍കൂടി പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ്‌ സൂചന. കേസിലെ മറ്റുപ്രതികളെല്ലാം കോളജിനു പുറത്തുനിന്നുള്ളവരാണെന്നും മുഹമ്മദ്‌ മാത്രമാണ്‌ കൊലപാതകസംഘത്തിലെ ഏക കോളജ്‌ വിദ്യാര്‍ഥിയെന്നും അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. 10 സംഘങ്ങളായി തിരിഞ്ഞാണ്‌ പൊലീസ്‌ മുഹമ്മദ്‌ അടക്കമുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയത്‌. പൊലീസ്‌ കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ്‌ ഇന്നുതന്നെ സ്ഥിരീകരിക്കുമെന്നാണ്‌ വിവരം.

ഒന്നാംതീയതി രാത്രിയിലാണ്‌ കൊലപാതകം നടന്നത്‌. പൊലീസ്‌ തയാറാക്കിയ എഫ്‌ഐആറിലെ ഒന്നാംപ്രതിയായ മുഹമ്മദ്‌ ഒളിവിലായിരുന്നു. ഇയാള്‍ ഉള്‍പ്പെടെയുള്ള മറ്റുപ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ്‌ നിരവധിപേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തിരുന്നു. നിരവധി നേതാക്കളുടെ വീടുകളില്‍ റെയ്‌ഡുകളും നടന്നു. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ പൊലീസ്‌ ശക്തമായ മുന്‍കരുതലുകളാണ്‌ സ്വീകരിച്ചിരുന്നത്‌. അതേസമയം, അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയില്‍ ഉള്ളവരുടെയും പൊലീസ്‌ തിരയുന്നവരുടെയും ബന്ധുക്കള്‍, പൊലീസ്‌ പീഡനമാരോപിച്ചു നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അഭിമന്യു കൊലപാതക സംഭവത്തില്‍ ക്യാംപസ്‌ രാഷ്ട്രീയ നിയന്ത്രണം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനവും നടത്തി. ക്യാംപസ്‌ രാഷ്ട്രീയത്തിന്റെ ഫലമായി ഇനി ഒരാളുടെയും ജീവന്‍ പൊലിയാന്‍ ഇടയാകരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി