Breaking News

Trending right now:
Description
 
Feb 10, 2013

തനിയെ കാറ്റു നിറയുന്ന ടയര്‍ വരുന്നു...

image തനിയെ കാറ്റു നിറയുന്ന ടയര്‍ വരുന്നു... പ്രമുഖ ടയര്‍ കമ്പനിയായ ഗുഡ്‌ ഇയര്‍ ആണ്‌ ഈ നൂതന സാങ്കേതികവിദ്യ ഒരുക്കുന്നത്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഗുഡ്‌ ഇയറിന്‌ ഇതിനായി ലഭിച്ചുകഴിഞ്ഞു. കാരണം രാജ്യത്തെ ഇന്ധനച്ചെലവിന്റെ മൂന്നുശതമാനം ടയര്‍ തകരാര്‍ മൂലമാണ്‌. എയര്‍ മെയ്‌ന്റനന്‍സ്‌ എന്നു പേരിട്ടിരിക്കുന്ന സാങ്കേതിക വിദ്യയനുസരിച്ച്‌ ഒരു സഹായവുമില്ലാതെ ടയറിലെ വായുവിന്റെ അളവ്‌ സ്വയം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നു. കാറ്റ്‌ കുറയുമ്പോള്‍ പമ്പ്‌ അന്വേഷിച്ചു നടക്കേണ്ടതില്ല. ചെറിയ പഞ്ചറുണ്ടായാല്‍ പേടിക്കേണ്ടതില്ല. ടയറിനുള്ളില്‍ ചേര്‍ക്കുന്ന ഒരു ഫ്‌ളെക്‌സിബിള്‍ ട്യൂബാണ്‌ വായു പമ്പ്‌ ചെയ്യുന്ന ഉപകരണം. മനുഷ്യന്റെ ആമാശയത്തില്‍ ഭക്ഷണം കടന്നുപോകുമ്പോഴുള്ള പേശികളുടെ പ്രവര്‍ത്തനമാണ്‌ ഇതിന്‌ ആധാരമായത്‌. ഭക്ഷണത്തെ തള്ളിവിടുന്നത്‌ പേശികളാണ്‌. ടയര്‍ കറങ്ങുമ്പോള്‍ വാഹനത്തിന്റെ ഭാരം മൂലം ഉന്നതമര്‍ദം സംജാതമാകുന്നു. ഈ മര്‍ദം ഫ്‌ളെക്‌സിബിള്‍ ട്യൂബിനെ ഒരു പമ്പ്‌ പോലെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതോടെ സ്വയം കാറ്റ്‌ പുറത്തുവരുന്നു. ടയറില്‍ കാറ്റു കുറയുന്നു എന്നുവരുമ്പോള്‍ ടയറിനു പുറത്ത്‌ ഘടിപ്പിച്ച റെഗുലേറ്റര്‍ സ്വയം പ്രവര്‍ത്തിക്കും. അതോടെ മര്‍ദ സഹായത്താല്‍ പുറമെ നിന്നു വായു വലിച്ചെടുത്ത്‌ ടയറിനുള്ളിലേക്കു കടത്തിവിടും. ഇതൊക്കെ ആരുടേയും സഹായമില്ലാതെ സ്വയം നടക്കും. 2005ല്‍ ഫ്രഞ്ച്‌ കമ്പനി മിഷലിനും ഇതേരീതിയില്‍ ഗവേഷണം നടത്തിയിരുന്നു. തല്‍ക്കാലം ഇത്തരം സാങ്കേതിക വിദ്യ വാണിജ്യ വാഹനങ്ങള്‍ക്കു മാത്രമായിരിക്കും.