Breaking News

Trending right now:
Description
 
Jul 17, 2018

വെള്ളിയാഴ്‌ചവരെ കനത്ത മഴ തുടരുമെന്ന്‌ മുന്നറിയിപ്പ്‌

image കേരളത്തില്‍ വെള്ളിയാഴ്‌ചവരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നു കേരളാ തീരത്തു കടലിലും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്‌. കേരള, ലക്ഷദ്വീപ്‌ തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60-70 കി.മീറ്റര്‍ വേഗത്തിലും കാറ്റിനു സാധ്യതയുണ്ട്‌. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ്‌ വരെ കേരള തീരത്തും ലക്ഷദ്വീപ്‌ തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ്‌ ഭാഗത്തും വടക്കുഭാഗത്തും കടല്‍പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്‌. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍കാറ്റാണ്‌ കേരളത്തില്‍ കനത്ത മഴയ്‌ക്കു കാരണമായത്‌. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിസമയത്ത്‌ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്‌. 16 ശതമാനം അധികമഴയാണ്‌ ഇത്തവണ സംസ്ഥാനം സാക്ഷിയായത്‌.