Breaking News

Trending right now:
Description
 
Jul 17, 2018

കനത്തമഴ; സംസ്ഥാനത്ത്‌ 13 മരണംകൂടി; ഏഴുപേരെ കാണാതായി

image ദുരിതപേമാരിയില്‍ പകച്ചും വിറച്ചും കേരളം. മരം വീണും മണ്ണിടിഞ്ഞും ഒഴുക്കില്‍പെട്ടും ഇന്നലെ മരിച്ചത്‌ 13 പേര്‍. ഏഴുപേരെ കാണാതായി. കോട്ടയം ജില്ലയില്‍ ആറും, കൊല്ലത്ത്‌ രണ്ടും, കാസര്‍ഗോട്ടും വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടും ഇന്നലെ മരണമടഞ്ഞു. ഏഴുപേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്‌. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍, തീക്കോയി എന്നിവിടങ്ങളിലും ഇടുക്കിയിലെ തൊടുപുഴയ്‌ക്കു സമീപം പൂമാലയിലും ഉരുള്‍പൊട്ടി. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്‌ ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ ഏറ്റവും കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത്‌. 229 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 7500 വീടുകള്‍ക്ക്‌ കേടുപാടുപറ്റി. 108 കോടിയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ്‌ ആദ്യകണക്കുകള്‍ നല്‍കുന്ന സൂചന. ദുരിതാശ്വാസ ക്യാംപുകളും തുറന്നു. റെയില്‍, റോഡ്‌ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന്‌ ജനജീവിതം കൂടുതല്‍ ദുസഹമായി. ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞുവീണും സിഗ്നല്‍ സംവിധാനം തകരാറിലായും റെയില്‍വേ ഇലക്ട്രിക്‌ ലൈനിനു മുകളിലേക്കു മരംവീണുമാണ്‌ റെയില്‍ ഗതാഗതം താറുമാറായിരിക്കുന്നത്‌. തിരുവനന്തപുരം റെയില്‍ ഡിവിഷനില്‍ ഇന്നലെ പത്തു പാസഞ്ചര്‍ റദ്ദാക്കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച മേയ്‌ 29 മുതല്‍ ഇന്നലെവരെ വ്യത്യസ്‌ത അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 89 ആയി.