Breaking News

Trending right now:
Description
 
Jul 17, 2018

മുറ്റത്തൊരു വാഴ നടാം; നല്ലൊരു കുല വെട്ടാം

image ആലപ്പുഴ പട്ടണത്തില്‍ മെച്ചപ്പെട്ട കാര്‍ഷിക വിളകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ ഒരു വാഴയെങ്കിലും നട്ടു പരിപാലിക്കാന്‍ എല്ലാവരും തയാറാകണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) അഭ്യര്‍ഥിച്ചു. പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന പഴങ്ങളില്‍ ഒന്നാണ്‌ ഞാലിപ്പൂവന്‍ പഴം. പഴവര്‍ഗങ്ങളുടെ കൂട്ടത്തില്‍ പൊതുവേ ഇഷ്ടപ്പെടുന്ന ഒന്ന്‌. എല്ലാ വീടുകളിലുള്ളവര്‍ക്കും ഇതിനോടു പ്രിയമാണ്‌. എന്നാല്‍, ആലപ്പുഴ മാര്‍ക്കറ്റുകളില്‍ എത്തുന്ന കാര്‍ഷികോത്‌പന്നങ്ങളില്‍ ബഹുഭൂരിപക്ഷവും തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവയാണ്‌. കാഴ്‌ചയില്‍ ഭംഗിയേറുമെങ്കിലും അനിയന്ത്രിതമായി വിഷപ്രയോഗം നടത്തുന്നവയാണിവയെന്നു വ്യാപകമായ പരാതിയുണ്ട്‌. കീടനാശിനികള്‍ പ്രയോഗിച്ചില്ലെങ്കില്‍ കുല നന്നായി മുപ്പെത്തി തോട്ടങ്ങളില്‍ ഒരുമിച്ചു വിളയെടുക്കാനാകില്ലെന്നതിനാല്‍ കന്നു വയ്‌ക്കുമ്പോള്‍ മുതല്‍ വളപ്രയോഗത്തിനോടൊപ്പം വിഷപ്രയോഗങ്ങളുമുണ്ട്‌. ഫലങ്ങളില്‍ അതു പ്രതിഫലിക്കും.

ഏതാനും വര്‍ഷങ്ങള്‍ മുന്‍പ്‌ കിലോഗ്രാമിനു ചില്ലറ വില ശരാശരി 20 രൂപയായിരുന്നത്‌ കഴിഞ്ഞ വര്‍ഷം 80 ആയി ഉയര്‍ന്നിരുന്നു. അതു 100ഉം കടന്നു പോകുകയും ചെയ്‌തിരുന്നു. കഴിഞ്ഞയാഴ്‌ചയില്‍ 40 രുപയായിരുന്നത്‌ ഉയര്‍ന്ന്‌ 44-ഉം ഇന്നലെ 46-ഉം ആയി. ഒരാഴ്‌ചയ്‌ക്കുള്ളിലെ ഉയര്‍ച്ചയാണിത്‌. ആലപ്പുഴയില്‍ 40 രൂപ ആയിരുന്ന സമയത്ത്‌ എറണാകുളത്തെ ചില മാളുകളില്‍ വില 66 രൂപ ആയിരുന്നുവെന്നും ഓര്‍ക്കണം. ഇനി ഓണം വരെ വില ഉയര്‍ന്നുകൊണ്ടിരിക്കും. ആവശ്യസാധന വിലകളുടെ കയറ്റിയിറക്കം പഴത്തിന്റെ വില നോക്കിയാല്‍ മാത്രം വ്യക്തമാകും.

വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും ഉത്‌പാദിപ്പിക്കാന്‍ ചെറിയ തോതില്‍ നടത്തുന്ന കൃഷിക്കേ അല്‌പമെങ്കിലും സാധ്യമാകു. വന്‍ തോതില്‍, വന്‍ തോട്ടങ്ങളില്‍ നടത്തുന്ന കൃഷിയില്‍ വിഷത്തിനു അമിതപ്രാധാന്യമാണുള്ളത്‌. അതിനാല്‍ ആലപ്പുഴ പട്ടണത്തിലെ ഒരോ വീട്ടിലും ഓരോ വാഴയെങ്കിലും നട്ടുവളര്‍ത്തി വിളവെടുക്കാന്‍ ശ്രമം തുടങ്ങണം. ധാരാളമായി വാഴ വളര്‍ത്തിയില്‍ ഉപോത്‌പന്നങ്ങളായ വാഴയിലയും കൂമ്പും മേടിക്കാന്‍ വ്യാപാരികളെത്തും.

ആലപ്പുഴ മുനിസിപ്പാലിറ്റിക്ക്‌ ഈ വര്‍ഷവും സൗജന്യ വാഴക്കന്നു വിതരണത്തിനു പദ്ധതിയുണ്ട്‌. എഴുപതിനായിരം വാഴക്കന്നുകള്‍ 52 വാര്‍ഡുകളിലായി വിതരണം ചെയ്യുമെന്നാണ്‌ വാര്‍ഡ്‌ കമ്മിറ്റിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. മികച്ചയിനം കന്നുകള്‍ തന്നെ ഇനം വ്യക്തമാക്കി വിതരണം ചെയ്യണമെന്നാണ്‌ ആവശ്യം. റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ മുഖേന എല്ലാ വീടുകളിലും എത്തിക്കുകയായിരിക്കും എളുപ്പം. പരിപാലന കാര്യത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. കൂടാതെ മുനിസിപ്പാലിറ്റി തലത്തില്‍ ഇടവിളകൃഷിക്കുള്ള വിത്തുകളും കുരുമുളകു തൈകളും തെങ്ങിന്‍ തൈകളും വിതരണത്തിനു തയാറാകുന്നുണ്ട്‌.