Breaking News

Trending right now:
Description
 
Jul 16, 2018

വ്യാഴാഴ്‌ചവരെ കനത്ത മഴ; നാലു മരണം

image സംസ്ഥാനത്ത്‌ തുടരുന്ന കനത്തമഴ വ്യാഴാഴ്‌ചവരെ തുടരും. കാലാവസ്ഥാ കേന്ദ്രമാണ്‌ ഇത്തരത്തിലൊരു മുന്നറിയിപ്പ്‌ നല്‍കിയത്‌. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനും സാധ്യതയുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ്‌ നിര്‍ദേശം. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ്‌ ശക്തമായതോടെയാണ്‌ തെക്കന്‍ ജില്ലയില്‍ മഴ കനത്തത്‌. സംസ്ഥാനത്തെ മിക്ക ജില്ലകളിലും നദികളും പുഴകളും കരകവിഞ്ഞു. ചെറിയ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. കോഴിക്കോട്‌ ജില്ലയില്‍ രണ്ടുപേരും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. കോഴിക്കോട്‌ ഓമശേരി കല്ലുരുട്ടി അയ്യത്തന്‍കുന്ന്‌ കല്യാണി (85) സ്വന്തം പറമ്പില്‍ മരത്തിനടിയില്‍പെട്ടും ആര്യപ്പറമ്പ്‌ കാഞ്ഞിരക്കാട്ട്‌ സിതാര (20) ഇരട്ടി സംസ്ഥാനപാതിയില്‍ ഓട്ടോയ്‌ക്കു മുകളില്‍ മരം വീണും മരിച്ചു. ആലപ്പുഴ തൈക്കാട്ടുശേരി സുഭദ്ര (60) പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്നു ഷോക്കേറ്റു മരിച്ചു. കോളിക്കോട്‌ ഫറോക്ക്‌ കരുവന്‍തുരുത്തി ആവത്താന്‍ വീട്ടില്‍ വൈഷ്‌ണവ്‌ (17) വെള്ളക്കെട്ട്‌ കടന്നുപോകുമ്പോള്‍ ബൈക്കില്‍നിന്നു വീണ്‌ ബസിനടിയില്‍പെട്ടു മരിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. കല്‍പ്പറ്റയില്‍ കഴിഞ്ഞ 13നു തോട്ടില്‍ കാണാതായ ആറുവയസുകാരനെ കണ്ടെത്താനായില്ല. സംസ്ഥാനത്താകെ മരംവീണ്‌ നിരവധി വീടുകള്‍ക്ക്‌ നാശമുണ്ട്‌. താഴ്‌ന്നസ്ഥലങ്ങള്‍ വെള്ളത്തിനിടയിലായി. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടു. ജനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശമുണ്ട്‌.