Breaking News

Trending right now:
Description
 
Feb 10, 2013

ക്രിക്കറ്റും സിനിമയും ലഹരിയായി, കൊച്ചി സ്‌ട്രൈക്കേഴ്‌സിന്‌ ഉജ്ജ്വലവിജയം

image മൂന്നാം സീസണ്‍ സെലിബ്രിറ്റി ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബെ ഹീറോസിനെതിരേ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്‌ ഉജ്ജ്വലവിജയം നേടി. ടോസ്‌ നേടി അഞ്ചുവിക്കറ്റിന്‌ 135 റണ്‍സ്‌ നേടിയ മുംബെയെ ചേയ്‌സ്‌ ചെയ്‌താണ്‌ കേരളം വിജയം നേടിയത്‌. കേരള സ്‌ട്രൈക്കേഴ്‌സ്‌ 19.2 ഓവറില്‍ എട്ടു വിക്കറ്റിന്‌ 136 റണ്‍സ്‌ നേടി. കേരളത്തിനു വേണ്ടി അവസാന ഓവറില്‍ വിവേക്‌ നേടിയ നിര്‍ണായകമായ സിക്‌സറാണ്‌ വിജയത്തിലെത്തിച്ചത്‌. കേരളത്തിനുവേണ്ടി സുമേഷ്‌ മൂന്ന്‌ സിക്‌സറുകള്‍ അടക്കം 34 റണ്‍സ്‌ നേടി ടോപ്‌ സ്‌കോററായി.

അടിമുടി ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ കൊച്ചിയില്‍ കണ്ടത്‌. ക്രിക്കറ്റ്‌ - സിനിമാ പ്രേമികള്‍ നിറഞ്ഞുതുളുമ്പിയ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓരോ പന്തും ആവേശത്തോടെയാണ്‌ കാണികള്‍ വരവേറ്റത്‌. മോഹന്‍ലാല്‍ നയിക്കുന്ന കേരള ടീമിന്‌ പ്രോത്സാഹനം നല്‌കാന്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ അടക്കം കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും കാണികളെത്തിയിരുന്നു.

തുടക്കത്തില്‍, ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീണത്‌ കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലായി. രാജീവ്‌ പിള്ളയും നിവിന്‍ പോളിയും ചേര്‍ന്ന്‌ ഇന്നിംഗ്‌സ്‌ തുറന്നെങ്കിലും 13 റണ്‍സിന്‌ നിവിന്‍ പുറത്തായി. തുടര്‍ന്ന്‌ രാജീവിനൊപ്പം ചേര്‍ന്ന ഇന്ദ്രജിത്‌ പൂജ്യം റണ്‍സിന്‌ ഔട്ട്‌. കഴിഞ്ഞ വര്‍ഷം മികച്ച കളികാഴ്‌ചവച്ച രാജീവ്‌ പിള്ളയ്‌ക്ക്‌ ഇക്കുറി പതിനാറ്‌ റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളൂ. സണ്ണി സിംഗ്‌ മുംബെയ്‌ക്കുവേണ്ടി 45 റണ്‍സ്‌ നേടിയപ്പോള്‍ അമുല്‍ ബേബി പരസ്യത്തിലൂടെ സിനിമയിലെത്തിയ അഫ്‌താബ്‌ ശിവ്‌ദാസാനി 36 റണ്‍്‌സ്‌ എടുത്തു. രാജ മികച്ച ബോളുകളിലൂടെ ശ്രദ്ധേയനായി.

മുംബെയ്‌ക്കെതിരേ മൂന്ന്‌ ഓവറുകള്‍ എറിഞ്ഞ മണിക്കുട്ടന്‍ 17 റണ്‍സുകള്‍ വഴങ്ങി ഒരു വിക്കറ്റ്‌ എടുത്തു. ബിനീഷ്‌ കോടിയേരി ഗോപന്‍ സ്ലീബ എന്നിവരാണ്‌ മുംബെയുടെ മറ്റു വിക്കറ്റുകള്‍ തെറിപ്പിച്ചത്‌. ക്യാപ്‌റ്റന്‍ മോഹന്‍ലാല്‍ അടക്കമുള്ള കേരള ടീമംഗങ്ങള്‍ മികച്ച ഫീല്‍ഡിംഗ്‌ കാഴ്‌ചവയ്‌ച്ചു. സല്‍മാന്‍ ഖാനാണ്‌ മുംബെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയതെങ്കില്‍ മമ്മൂട്ടിയടക്കമുള്ള താരനിര മലയാളികള്‍ക്കു പിന്തുണയായി.

നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ പതിനാറ്‌ ഓവറില്‍ 111 റണ്‍സ്‌ നേടിയ മുംബെ അവസാന ഓവറുകളില്‍ മികച്ച കളി പുറത്തെടുത്തു.

ടീം ഉടമകളായ ലിസി, പ്രിയദര്‍ശന്‍, കേരള ടീം അംബാസിഡര്‍മാരായ ഭാവന, മമ്‌ത മോഹന്‍ദാസ്‌ തുടങ്ങിയവരും ആവശേവുമായി സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.