Breaking News

Trending right now:
Description
 
Jul 14, 2018

സമൂഹമാധ്യമ നിരീക്ഷണം: കേന്ദ്രസര്‍ക്കാരിനു കോടതിയുടെ വിമര്‍ശനം

image കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപ്പാക്കാന്‍പോകുന്ന സാമൂഹമാധ്യമ നിരീക്ഷണ പദ്ധതിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ വാട്‌സാപ്‌ സന്ദേശങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്ന നിരീക്ഷണ ഭരണത്തിനാണോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നു കോടതി ചോദിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മന്ത്രാലയം നിലപാട്‌ വ്യക്തമാക്കണമെന്നു കോടതി നിര്‍ദേശിച്ചു. സാമൂഹമാധ്യമ നിരീക്ഷണ പദ്ധതിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്‌ എംഎല്‍എ മഹുവ മൊയ്‌ത്ര നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലാണ്‌ കോടതിയുടെ ഇടപെടല്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സര്‍ക്കാര്‍ ലംഘിക്കുന്നുവെന്നും സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യക്തികളെ വരുതിക്കു വരുത്താനുള്ള ശ്രമമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്‌. ഹര്‍ജി ഓഗസ്‌റ്റ്‌ മൂന്നിന്‌ വീണ്ടും പരിഗണിക്കും. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ നടപടികള്‍ നിരീക്ഷിക്കുക, ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ മനസിലാക്കി നിര്‍വീര്യമാക്കുക, വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുക, സര്‍ക്കാര്‍ പ്രചരണപരിപാടികള്‍ മെച്ചപ്പെടുത്തുക, ഇ-മെയിലുകള്‍ പരിശോധിക്കുക, ദേശീയ ബോധം വളര്‍ത്തുക തുടങ്ങിയവയാണ്‌ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.