Breaking News

Trending right now:
Description
 
Jul 12, 2018

കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍

image കുമ്പസാരവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ നാലു ഓര്‍ത്തഡോക്‌സ്‌ വൈദികരില്‍ ഒരാളെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റു ചെയ്‌തു. രണ്ടാംപ്രതി ഫാ.ജോബ്‌ മാത്യുവിനെയാണ്‌ വ്യാഴാഴ്‌ച പതിനൊന്നോടെ അറസ്‌റ്റു ചെയ്‌തത്‌. കൊല്ലം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ഓഫിസില്‍ കീഴടങ്ങാന്‍ വരുമ്പോഴായിരുന്നു അറസ്‌റ്റ്‌. ഫാ.ജോബ്‌ മാത്യുവിന്റെയും ഒന്നാംപ്രതി ഫാ.സോണി വര്‍ഗീസ്‌, നാലാംപ്രതി ഫാ.ജെയ്‌സ്‌ കെ.ജോര്‍ജ്‌ എന്നിവരുടെയും ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഇവര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ്‌ നടത്തിയത്‌. മൂന്നാം പ്രതി ഫാ.ജോണ്‍സണ്‍ വി.മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്‌ കോടതി മാറ്റിവയ്‌ക്കുകയായിരുന്നു. പ്രതികളായ വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെയാണ്‌ പെരുമാറിയതെന്നും വൈദികരാണെന്ന കാരണത്താല്‍ യുവതിയുടെ രഹസ്യമൊഴി കളവാണെന്ന്‌ പറയാന്‍കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ കീഴടങ്ങാന്‍ അവസരം നല്‍കണമെന്ന പ്രതികളുടെ ആവശ്യവും ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെയാണ്‌ കീഴടങ്ങാന്‍ ഫാ.ജോബ്‌ മാത്യു തീരുമാനിച്ചത്‌. ഇതിനിടെ നിയമത്തിനു മുമ്പില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക്‌ സഭ നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങുമ്പോള്‍ സഭാവസ്‌ത്രം ധരിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.