Breaking News

Trending right now:
Description
 
Jul 11, 2018

സംസ്ഥാനത്ത്‌ കനത്ത മഴതുടരുന്നു; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

image സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നതിനിടയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്‌. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. വയനാട്ടില്‍ 469 പേരെ 14 ക്യാംപുകളിലായി മാറ്റിപാര്‍പ്പിച്ചു. വയനാട്‌, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്‌. ഈ ജില്ലകളിലെ നദികളിലെ ജലനിരപ്പ്‌ ഉയര്‍ന്നു. കോട്ടയം, ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രഫഷനല്‍ കോളജ്‌ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്‌ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു.

മലങ്കര ഡാമിന്റെ മൂന്ന്‌ ഷട്ടറുകള്‍ ഉയര്‍ത്തി. അതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എറണാകുളം ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ലോവര്‍ പെരിയാര്‍, നേര്യമംഗലം, പൊരിങ്ങല്‍ അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന്‌ ഷട്ടറുകള്‍ തുറന്നു. രാത്രി മലയോര മേഖലയില്‍ യാത്ര നിയന്ത്രിക്കണമെന്നു നിര്‍ദേശമുണ്ട്‌. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി.