Breaking News

Trending right now:
Description
 
Jul 11, 2018

തായ്‌ ഗുഹയ്‌ക്കുള്ളില്‍ 18 ദിവസം; 12 കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തി

image ലോകം ശ്വാസമടക്കി പ്രാര്‍ഥനയുമായി കാത്തിരുന്നത്‌ 18 ദിവസം. തായ്‌ലന്‍ഡിലെ തംലുവാഗ്‌ ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും മൂന്നുദിവസംകൊണ്ട്‌ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. 11നും 16നും ഇടയിലുള്ളവരാണ്‌ കുട്ടികള്‍. കോച്ചിന്‌ 25 വയസേയുള്ളൂ. ഗുഹാമുഖത്തുനിന്നു പുറത്ത്‌ എത്തിയ കുട്ടികള്‍ ആകാശവും ഭൂമിയും കണ്ട്‌ ദൈവത്തിനു നന്ദി പറഞ്ഞു. അപകടകരമായ അവസ്ഥയില്‍നിന്നു 13 പേരെയും പുറത്തെത്തിച്ചതോടെ ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യം സമ്പൂര്‍ണവിജയം. ആദ്യ രണ്ടുദിവസം നാലുപേരെവീതമാണ്‌ രക്ഷപ്പെടുത്തിയത്‌. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നു തായ്‌ലന്‍ഡ്‌ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗുഹയ്‌ക്കുള്ളില്‍നിന്നു പുറത്തെത്തിച്ച ഓരോരുത്തെയും ഹെലികോപ്‌റ്ററിലാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. വെള്ളംനിറഞ്ഞ ഗുഹയ്‌ക്കുള്ളില്‍ നാലുകിലോമീറ്ററിലേറെ അകലെ പാറയുടെ മുകളില്‍ ഇരിക്കുന്ന കുട്ടികളെ പത്താംദിവസം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

ജൂണ്‍ 23നാണ്‌ കുട്ടികളും കോച്ചും തംലുവാഗ്‌ ഗുഹയ്‌ക്കുള്ളിലേക്ക്‌ സാഹസികയാത്ര നടത്തിയത്‌. ഇവര്‍ കയറിയതിനു പിന്നാലെയുണ്ടായ കനത്ത മഴയെതുടര്‍ന്ന്‌ ഗുഹയ്‌ക്കുള്ളിലേക്ക്‌ വെള്ളം ഇരച്ചുകയറി. ഇതിനിടെ ഗുഹാമുഖം മൂടി. രക്ഷപ്പെടാനായി ഗുഹയുടെ നാലുകിലോമീറ്റര്‍ ഉള്ളിലേക്കുവരെ കുട്ടികളും കോച്ചും സഞ്ചരിച്ചു. ഗുഹയ്‌ക്കുള്ളിലെ ഇടുങ്ങിയസ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ അവസാനമാണ്‌ പാറയുടെ മുകളില്‍ ഇവര്‍ രക്ഷയ്‌ക്കായി കയറിക്കൂടിയത്‌. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടെത്തിയപ്പോള്‍ പാറയ്‌ക്കുള്ളില്‍ നിറയെ ചെളിയും വെള്ളവുമായിരുന്നു. വെള്ളം പമ്പ്‌ ചെയ്‌തു വറ്റിക്കാനുള്ള ശ്രമവും നടന്നിരുന്നു. നീന്തല്‍ അറിയാന്‍വയ്യാത്ത കുട്ടികളെ പുറത്തെത്തിക്കു ദുഷ്‌കരവും. ഇതിനിടെ ഗുഹയ്‌ക്കുള്ളില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞതും ആശങ്കയുണ്ടാക്കി. മുഖം മറയ്‌ക്കുന്ന സ്‌കൂബ മാസ്‌ക്‌ ഹെല്‍മറ്റ്‌, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്‌ത്രം, ബൂട്ട്‌ എന്നിവ ധരിപ്പിച്ച കുട്ടികളെ രണ്ടു നീന്തല്‍ വിദഗ്‌ധരുടെ നടുവിലായാണ്‌ പുറത്തേക്ക്‌ നയിച്ചത്‌. ഗുഹാമുഖത്തുനിന്ന്‌ കുട്ടികളെ കണ്ടെത്തിയ സ്ഥലംവരെ നാലുകിലോമീറ്റര്‍ ദൂരത്തില്‍ ഇളകാത്ത കേബിള്‍ ഇതിനായി വലിച്ചുകെട്ടിയിരുന്നു. മുന്നില്‍ സഞ്ചരിച്ചിരുന്ന രക്ഷപ്രവര്‍ത്തകരിലൊരാളാണ്‌ കുട്ടിയുടെ ഓക്‌സിജന്‍ ടാങ്ക്‌ ചുമന്നത്‌. സുരക്ഷയ്‌ക്കായി മുന്നിലുള്ള ആളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്‌തു.