Breaking News

Trending right now:
Description
 
Jul 09, 2018

തായ്‌ ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളില്‍ നാലുപേരെ രക്ഷപ്പെടുത്തി

image കനത്ത മഴയെ തുടര്‍ന്ന്‌ തായ്‌ലന്‍ഡിലെ വെള്ളംനിറഞ്ഞ ഗുഹയ്‌ക്കുള്ളില്‍ 15 ദിവസമായി കുടുങ്ങിയിരിക്കുന്ന ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളില്‍ നാലുപേരെ രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്‌ക്ക്‌ പുറത്തെത്തിച്ചു. ഇവരെ ഹെലികോപ്‌റ്ററില്‍ സമീപനഗരത്തിലെത്തിച്ചു ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഏറ്റവും ദുര്‍ബലരായ കുട്ടികളെയാണ്‌ ആദ്യം പുറത്തെത്തിച്ചത്‌. ബാക്കി എട്ടു കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്നു തുടരും. കുട്ടികള്‍ക്കായി ലോകം പ്രാര്‍ഥനയിലാണ്‌. രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാണ്‌ പുരോഗമിക്കുന്നത്‌. അഞ്ചു തായ്‌ നാവികസേനാംഗങ്ങളും 13 രാജ്യാന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടക്കുന്ന 18 അംഗസംഘമാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ഇവരെകൂടാതെ 90 അംഗ സംഘവും സഹായത്തിനായി വേറെയുണ്ട്‌. വെള്ളംനിറഞ്ഞ ഗുഹയില്‍ ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണ്‌ പലയിടത്തും. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തേക്ക്‌ കൊണ്ടുവരേണ്ടത്‌. ഒരാളെ പുറത്തെത്തിക്കാന്‍ എട്ടുമണിക്കൂറോളം വേണ്ടിവരും. അടിയൊഴുക്കും ആഴവുമുള്ള ചെളിനിറഞ്ഞ വെള്ളക്കെട്ടുകളാണ്‌ പലയിടത്തും. ഗുഹാമുഖത്തുനിന്നു നാലുകിലോമീറ്റര്‍ ഏറെ പാറക്കെട്ടിനു മുകളില്‍ കഴിഞ്ഞുവരുകയായിരുന്നു കുട്ടികള്‍. ഞായറാഴ്‌ച തായ്‌ സമയം വൈകിട്ട്‌ 5.40നാണ്‌ (ഇന്ത്യന്‍ സമയം വൈകിട്ട്‌ 4.10) ആദ്യത്തെ കുട്ടിയെ ഗുഹയ്‌ക്കു പുറത്തെത്തിച്ചത്‌.