Breaking News

Trending right now:
Description
 
Jul 08, 2018

സിഗ്നല്‍ ലൈറ്റുകള്‍ ശാസ്‌ത്രീയമായി ക്രമീകരിക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: വൈ.എം.സി.എ., ജില്ലാ കോടതി പാലം ജംഗ്‌ഷനുകളില്‍ പുതുതായി സ്ഥാപിച്ച ട്രാഫിക്‌ സിഗ്നല്‍ ലൈറ്റ്‌ സംവിധാനം അലങ്കോലവും ഗതാഗത തടസവുമുണ്ടാകാത്ത വിധം ശാസ്‌ത്രീയമായി ക്രമീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു. വൈ.എം.സി.എ പാലത്തിലേക്കു അഞ്ചു റോഡുകളും ജില്ലാ കോടതി പാലത്തിലേക്ക്‌ ആറു റോഡുകളുമാണ്‌ എത്തിച്ചേരുന്നത്‌.

വാഹനങ്ങള്‍ സ്‌റ്റോപ്പു ചെയ്യിക്കുന്നതിനു മുന്നോടിയായി 25 മീറ്ററെങ്കിലും മുന്നോട്ടു മാറ്റി സിഗ്നലുകള്‍ സ്ഥാപിക്കണമെന്നിരിക്കെ പാലത്തിന്റെ മൂലയ്‌ക്കായും മറ്റുമാണ്‌ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. അവയുണ്ടെന്നു ദൂരെ നിന്നു മനസിലാക്കാനും പ്രയാസമാണ്‌. പ്രദേശത്തിന്റെ കിടപ്പ്‌ കണക്കിലെടുക്കാതെ സ്ഥാപിച്ചിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തിലേക്കു കയറി വളച്ചു നിറുത്തിയിടാന്‍ ഇടയാകുന്നതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്കു മുന്നോട്ടു കടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്‌. പാലങ്ങളിലേക്കു വാഹനങ്ങള്‍ കയറ്റി നിര്‍ത്തിയിടാന്‍ ഇടയാകാത്ത വിധത്തില്‍ അപ്രോച്ച്‌ റോഡിന്റെ കയറ്റത്തിനു മുന്‍പു തന്നെ സിഗ്നലുകള്‍ ഘടിപ്പിക്കുകയാണ്‌ ഉചിതം.

മെയിന്‍ റോഡിലേക്കു ചേരുന്ന ഇടറോഡുകളേയും അനേകം വാഹനങ്ങളും കുട്ടികളും വന്നുപോകുന്ന വൈ.എം.സി.എ., എസ്‌.ഡി.വി സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളേയും കണക്കിലെടുക്കാത്തതിനാല്‍ അവിടങ്ങളിലേക്കു വന്നുപോകുന്ന വാഹനങ്ങളും സുഗമമായ പോക്കിനു തടസമാകും. ഇതേസമയം, സിഗ്നല്‍ സ്ഥാപിക്കുന്നതിനു മുന്‍പു തന്നെ പശ്ചാത്തല സൗകര്യം ഒരുക്കി തടസ്സങ്ങള്‍ കഴിവതും നീക്കം ചെയ്യണമെന്നുള്ള ആവശ്യത്തില്‍ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. പടര്‍ന്നു കിടന്നു വൈദ്യുത കമ്പിയിലും മറ്റും മുട്ടിക്കിടക്കുന്നതും സിഗ്നല്‍ കാഴ്‌ച തടസ്സപ്പെടുത്തുന്നതുമായ മരങ്ങളുടെ ചില്ലകളും വീഴാറായിട്ടുള്ള വൃക്ഷങ്ങള്‍ തന്നെയും വെട്ടിനീക്കണമെന്ന ആവശ്യത്തിനു സിഗ്നലിനു മുന്നിലുണ്ടായിരുന്ന ഏതാനും ശിഖരങ്ങള്‍ വെട്ടിനീക്കുക മാത്രമാണുണ്ടായിട്ടുള്ളത്‌. ദൂരെ നിന്നു ഡ്രൈവര്‍മാര്‍ക്കു സിഗ്നല്‍ കാണണമെങ്കില്‍ ഇനിയും ശിഖരങ്ങള്‍ കോതേണ്ടതുണ്ട്‌.

ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ ജംഗ്‌ഷനുകളിലും പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലും ബസുകളും ഓട്ടോറിക്ഷകളും നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതു നിരോധിക്കണം എന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന്മേല്‍ ഇപ്പോഴും അധികൃത നടപടിയില്ല. നൂറു മീറ്റര്‍ മാറിയേ സ്‌റ്റോപ്പ്‌ പാടുള്ളു എന്നു ചട്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണിത്‌. സിഗ്നല്‍ കൃത്യഇടവേളകളിലായതിനാല്‍ അനധികൃത സ്റ്റോപ്പുകള്‍ ഏറെ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്‌.

ഗതാഗതം നേരെയാക്കാന്‍ ഇനിയും നടപ്പിലാക്കാത്ത പ്രധാന ആവശ്യങ്ങള്‍:

> പാലങ്ങളുടെ ജംഗ്‌ഷനുകളുടെയും അരികുകള്‍ വളച്ചു വിസ്‌താരപ്പെടുത്തുക.
> റോഡു വക്കില്‍ കിടക്കുന്ന കല്ലും കട്ടകളും തടികളും നീക്കം ചെയ്യുക.
> തകര്‍ന്ന കാനകളും കൈവരികളും റോഡിലെയും വശങ്ങളിലെയും പൊക്കതാഴ്‌ചകളും കട്ടിംഗുകളും നന്നാക്കുക.
> കാഴ്‌ച, മാര്‍ഗ തടസ്സമുണ്ടാക്കുന്നതും ശാരീരിക പരിക്കുകള്‍ക്കു സാധ്യതയുള്ളതുമായ വിധത്തില്‍ പോസ്‌റ്റുകളിലും മീഡിയനുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും കൊടികളും തോരണങ്ങളും കേബിളുകളും നീക്കം ചെയ്യുക.
> സിഗ്നല്‍ ലൈറ്റിനു കീഴെയുള്ളതുള്‍പ്പടെയുള്ള തട്ടുകടകളും വഴിവാണിഭവും റോഡിനോടു ചേര്‍ന്നുള്ള ഷെഡുകളും പൊളിച്ചുമാറ്റുക.
> വളവുകളോടു ചേര്‍ന്നുള്ളതും റോഡിലേക്കു കയറിയുള്ളതുമായ ഓട്ടോറിക്ഷ, കാര്‍ സ്‌റ്റാന്‍ഡുകകളും കടകളും മാറ്റി സ്ഥാപിക്കുക.
> കയറും കേബിളും കെട്ടിയും പാട്ട ബോര്‍ഡുകള്‍ സ്ഥാപിച്ചുള്ളതുമായ അപകടകരമായ ഗതാഗത നിയന്ത്രണം അവസാനിപ്പിക്കുക.
> റോഡിലേക്ക്‌ ഇറങ്ങി നില്‌ക്കുന്ന പോസ്‌റ്റുകളും സ്‌റ്റേ വയറുകളും മാറ്റി സ്ഥാപിക്കുക.
> മീഡിയനുകള്‍ മുന്‍കൂട്ടി തിരിച്ചറിയത്തക്കവിധം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡ്‌ മാര്‍ക്കിംഗുകള്‍ വരയ്‌ക്കുകയും ചെയ്യുക.
> സ്ഥലം ലഭ്യമായയിടങ്ങളില്‍ ബസ്‌ ബേകള്‍ സ്ഥാപിക്കുക.