Breaking News

Trending right now:
Description
 
Jul 07, 2018

അഴിമതിക്കേസ്‌: നവാസ്‌ ഷെരീഫിന്‌ 10 വര്‍ഷം തടവ്‌

image അഴിമതിയാരോപണത്തെ തുടര്‍ന്ന്‌ സുപ്രീംകോടതി അയോഗ്യനാക്കിയ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്‌ (68) പത്തുവര്‍ഷം തടവ്‌ പാക്കിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചു. 80 ലക്ഷം പൗണ്ട്‌ (ഏകദേശം 73.07 കോടി രൂപ) പിഴയും ഒടുക്കണം. പനാമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ്‌ ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ റജിസ്‌റ്റര്‍ ചെയ്‌ത മൂന്നു അഴിമതിക്കേസുകളില്‍ ഒന്നിലാണ്‌ വിധി. ഷരീഫിന്റെ മകളും കൂട്ടുപ്രതിയുമായ മറിയത്തിന്‌ ഏഴുവര്‍ഷം തടവ്‌ അനുഭവിക്കണം. മറിയത്തിന്‌ 20 ലക്ഷം പൗണ്ട്‌ (ഏകദേശം 18.26 കോടിരൂപ) പിഴയും ഒടുക്കണം. മറിയത്തിന്റെ ഭര്‍ത്താവ്‌ മുഹമ്മദ്‌ സഫ്‌ദാറിന്‌ ഒരുവര്‍ഷം തടവും വിധിച്ചു. പ്രധാനമന്ത്രിയായിരുന്ന 1990 കളില്‍ അഴിമതിപ്പണം വിനിയോഗിച്ച്‌ ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നാണ്‌ കേസ്‌. പാക്കിസ്ഥാന്‍ മുസ്ലീംലീഗിന്റെ (പിഎംഎല്‍) നേതാവാണ്‌ നവാസ്‌ ഷെരീഫ്‌. ജൂലൈ 25നു പൊതുതിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ വന്‍ രാഷ്ട്രീയപ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമേ ആണ്‍മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ്‌ എന്നിവരും പ്രതികളാണ്‌. അര്‍ബുദ ബാധിതയായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സിനൊപ്പമാണ്‌ നവാസും മക്കളും ഇപ്പോഴുള്ളത്‌. കോടതിയില്‍ ഇതുവരെ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്‌ നവാസിനെയും മകള്‍ മറിയത്തെയും കോടതി പിടികിട്ടാപ്പുള്ളികലായി പ്രഖ്യാപിച്ചിരുന്നു.