
കോണ്‍ഗ്രസിന്റെ ഒന്നാം
നമ്പര്‍ ശത്രു മാര്‍ക്സിസ്റ്റു പാര്‍ട്ടിയല്ല; കോണ്‍ഗ്രസുകാരാണെന്നു പാര്‍ട്ടി
പ്രവര്‍ത്തക സമിതി അംഗം ഏ.കെ.ആന്റണി. നേതാക്കള്‍ വിട്ടുവീഴ്ചയ്ക്കു
തയാറായില്ലെങ്കില്‍ കോണ്‍ഗ്രസിനെ നശിപ്പിച്ചവരാണ് നമ്മളെന്നു പുതിയ തലമുറപറയും.
രക്ഷപ്പെടണോ ശോഷിക്കണോയെന്നു സ്വയം തീരുമാനിക്കാം. പരസ്പരം കലഹിച്ചാല്‍ യാദവകുലം
പോലെ കോണ്‍ഗ്രസ് നശിക്കും. ചെങ്ങന്നൂരില്‍നിന്നു പാഠം പഠിച്ചില്ല. അവിടെ ഒരു
സമുദായ നേതാവും സഹായിച്ചില്ല. പിണറായി സര്‍ക്കാരിന്റെ തന്ത്രങ്ങളാണ്
വിജയിച്ചത്-ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ കെപിസിസി
സംഘടിപ്പിച്ച കെ.കരുണാകരന് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ്
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലൊരു മുന്നറിയിപ്പ് ആന്റണി നല്‍കിയത്.
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥയാണ് സമീപകാലത്ത് പാര്‍ട്ടിയില്‍
കണ്ടുവരുന്നത്. ഇഷ്ടമില്ലാത്ത നേതാക്കളെ ഏതുവിധേനയും നശിപ്പിക്കാനുള്ള
ശ്രമങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. അതിനു സമൂഹമാധ്യമങ്ങളെയും
കൂട്ടുപിടിക്കുന്നു. വാര്‍ത്താചാനലുകളില്‍ രണ്ടുവശത്തായി ചെന്നിരുന്നു
പാര്‍ട്ടിക്കെതിരെ പറയുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ മാത്രമാണുള്ളത്. ഇതിനു
നിയന്ത്രണം കൊണ്ടുവരണം. അതല്ലായെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ തീരെ ദയനീയമാകം.
പാര്‍ട്ടിയോട് കൂറുണ്ടെങ്കില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇല്ലെന്നു
പറയണം-ആന്റണി ചൂണ്ടിക്കാട്ടി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍
സിപിഎമ്മിനു സീറ്റുകിട്ടിയാലും കോണ്‍ഗ്രസിന് കിട്ടരുതെന്ന നയമാണ് ബിജെപിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉള്ളത്. കെ. കരുണാകരന് ഇന്നുണ്ടായിരുന്നെങ്കില്‍
കേരളത്തില്‍ ബിജെപിയുടെ വേരോട്ടം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം
വ്യക്തമാക്കി.