Breaking News

Trending right now:
Description
 
Jul 05, 2018

കേരളവും ഗോവയും തമ്മില്‍ നേരിട്ടു വിമാനബന്ധം ആരംഭിക്കണമെന്നു കേന്ദ്രമന്ത്രി കണ്ണന്താനം

image ആലപ്പുഴ: വിനോദ സഞ്ചാരികളുടേയും പൊതുജനങ്ങളുടെയും പ്രയോജനാര്‍ഥം അന്താരാഷ്ട്ര വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളായ കേരളം, ഗോവ സംസ്ഥാനങ്ങള്‍ തമ്മില്‍ പുതുതായി നേരിട്ട്‌ വ്യോമമാര്‍ഗം ബന്ധിക്കുന്നതു അനുപേക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയും സര്‍വീസുകള്‍ ആരംഭിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചാര്‍ജ്‌) കെ.ജെ. അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിന്റെ ഓഫീസ്‌, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ്‌.ഭുള്ളര്‍ക്കു കത്തു നല്‌കി. കേരളത്തേയും ഗോവയേയും തമ്മില്‍ നേരിട്ടു ബന്ധിപ്പിക്കുന്ന നെടുമ്പാശേരി - ഗോവ ഡബോളിം വിമാന സര്‍വീസ്‌ ആരംഭിക്കുന്നതു സംബന്ധിച്ച്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ മന്ത്രിക്കു നല്‌കിയ വിശദമായ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്‌.

ഗോവയില്‍ എത്തുന്ന അനേകം വിദേശ വിനോദസഞ്ചാരികള്‍, കേരളത്തില്‍ ആലപ്പുഴ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നു നിവേദനത്തില്‍ എടുത്തുകാട്ടിയിരുന്നു. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കും ഗോവയില്‍ താമസിക്കുന്ന അനേകം മലയാളികള്‍ക്കും ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ഇപ്പോള്‍ നേരിട്ടു കേരളത്തിലേക്കു വന്നുപോകാന്‍ വിമാന സൗകര്യം ലഭ്യമല്ല. അതിനായി കേരളത്തിലെ കൊച്ചിയില്‍ നിന്നു ഗോവയിലെ ഡബോളിമിലേക്കു വിമാന സര്‍വീസ്‌ ആരംഭിക്കുന്നത്‌ ഉപകാരപ്രദമായിരിക്കുമെന്നാണ്‌ ചൂണ്ടിക്കാട്ടിയിരുന്നത്‌. എണ്‍പതുകളില്‍ കൊച്ചിയില്‍ നിന്നു ഗോവ (ഡബോളിം) വഴി ന്യൂഡല്‍ഹിക്കു ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനസര്‍വീസ്‌ ഉണ്ടായിരുന്നുവെങ്കിലും പിന്നീടതു നിലച്ചു. സമയവും പണവും ഏറെ ചെലവഴിക്കേണ്ട കണക്ടിംഗ്‌ ഫ്‌ളൈറ്റുകളാണ്‌ നിലവില്‍ ലഭ്യമായിട്ടുള്ളത്‌.

ലോകത്തിലെ അറിയപ്പെടുന്ന വിനോദസഞ്ചാര സംസ്ഥാനങ്ങളായ കേരളത്തേയും ഗോവയേയും നേരിട്ടു ബന്ധിപ്പിക്കുന്ന നെടുമ്പാശേരി- ഡബോളിം വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ പല വര്‍ഷങ്ങളായി അധികൃതര്‍ക്ക്‌ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ പരിഗണിച്ചിരുന്നില്ല. അതിനാല്‍ ഈ വിഷയത്തില്‍ എത്രയും വേഗം സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‌കണമെന്ന്‌ അഭ്യര്‍ഥിച്ചാണ്‌ മന്ത്രിക്കു നിവേദനം നല്‌കിയത്‌. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്‌ മന്ത്രിയുടെ താത്‌പര്യം വ്യക്തമാക്കി കത്തു നല്‌കിയ വിവരം അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കനയ്യ ഝായാണ്‌ ടി.ആര്‍.എയെ അറിയിച്ചത്‌.