Breaking News

Trending right now:
Description
 
Jul 05, 2018

കടകളില്‍ സ്‌ത്രീ തൊഴിലാളികള്‍ക്ക്‌ ഇനി ഇരിക്കാം

image കടകള്‍, ഹോട്ടല്‍, റസ്‌റ്റോറന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുകൊണ്ട്‌ ജോലിചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഇനി ഇരുന്നു ജോലി ചെയ്യാമെന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമത്തിലാണ്‌ ഭേദഗതി വരുത്തിയത്‌. തൊഴില്‍സ്ഥലത്ത്‌ ഇരിപ്പിടം ലഭിക്കുന്നില്ലെന്നു തൊഴിലാളികളുടെയും വിവിധസംഘടനകളുടെയും ഏറെ നാളായുള്ള പരാതിയുടെയും സമരങ്ങളുടെയും ഫലമാണ്‌ പുതിയ തീരുമാനം. രാത്രി ജോലി ചെയ്യുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്‌. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ സ്‌ത്രീകളെ ജോലിക്കു നിയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി ആറിനുശേഷം ജോലി ചെയ്യിക്കണമെങ്കില്‍ രണ്ടുസ്‌ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ചു തൊഴിലാളികള്‍ വേണമെന്നാണ്‌ വ്യവസ്ഥ. സ്‌ത്രീ തൊഴിലാളികളുടെ രാത്രി ജോലിക്കുശേഷം അവരെ തിരികെ താമസസ്ഥലത്ത്‌ എത്തിക്കാന്‍ ഉടമ വാഹനം ഏര്‍പ്പെടുത്തണം. ഏജന്‍സിവഴി റജിസ്റ്റര്‍ ചെയ്യുന്നവരെയും തൊഴിലാളിയെന്ന പദവിയില്‍ ഉള്‍പ്പെടുത്തി. ആഴ്‌ചയില്‍ ഒരിക്കല്‍ കട അടയ്‌ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ആഴ്‌ചയില്‍ ഒരിക്കല്‍ തൊഴിലാളികള്‍ക്ക്‌ അവധി നല്‍കണം. ലൈംഗിക പീഡനം തടയാന്‍ കര്‍ശന വ്യവസ്ഥകളും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങളും തടയുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നിയമലംഘനത്തിന്‌ ഓരോ വകുപ്പിനുമുള്ള പിഴ 5000 രൂപയില്‍നിന്ന്‌ ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തി. ആവര്‍ത്തിച്ചു നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ 10,000 രൂപയില്‍നിന്നു രണ്ടുലക്ഷം രൂപയുമാക്കി.