Breaking News

Trending right now:
Description
 
Jul 05, 2018

ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക്‌ നീന്തല്‍പരിശീലനം

image തായ്‌ലന്‍ഡിലെ വെള്ളംനിറഞ്ഞ ഗുഹയില്‍ പതിമൂന്നുദിവസമായി കുടങ്ങിയനിലയില്‍ കണ്ടെത്തിയ ഫുട്‌ബോള്‍കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പുറത്തുകൊണ്ടുവരാന്‍ നീന്തല്‍ പരിശീലനം നല്‍കിത്തുടങ്ങി. ഗുഹാമുഖത്തുനിന്നു നാലുകിലോമീറ്റര്‍ ഉള്ളില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട പാറക്കെട്ടിലാണ്‌ ഇവരെ കഴിഞ്ഞദിവസം തിരച്ചില്‍സംഘം കണ്ടെത്തിയത്‌. കുട്ടികള്‍ക്ക്‌ നീന്തലിനും മുങ്ങാംകുഴിക്കും പരിശീലനം നല്‍കി ഘട്ടംഘട്ടമായി പുറത്ത്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. മുങ്ങല്‍വിദഗ്‌ധരും വൈദ്യസംഘവും, തായ്‌ നാവികസേനാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ കുട്ടികള്‍ക്കൊപ്പമുണ്ട്‌. ഗുഹയ്‌ക്കുള്ളില്‍ ആഴത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്‌. ഗുഹാപാത ഇടുങ്ങിയതും കെടുംവളവുകളും നിറഞ്ഞതാണ്‌. നീന്തി പുറത്തെത്താന്‍ കഴിയുന്നില്ലെങ്കില്‍ വെള്ളം താഴുന്നതുവരെ കാത്തിരിക്കേണ്ടിവന്നേക്കാം. ഇതിന്‌ നാലുമാസമെങ്കിലും സമയമെടുക്കുമെന്നാണ്‌ തായ്‌ ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രവിത്‌ വോംഗ്‌സുവാന്‍ മാധ്യമങ്ങളെ അറിയിച്ചത്‌. ചൊവ്വാഴ്‌ചവരെ ഗുഹയ്‌ക്കുള്ളില്‍നിന്നു 12 കോടി ലീറ്റര്‍ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു പമ്പുചെയ്‌ത്‌ പുറത്തുകളഞ്ഞിരുന്നു. ജൂണ്‍ 23നാണ്‌ കുട്ടികളും കോച്ചും ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ടത്‌. പാറക്കെട്ടില്‍ കഴിയുന്ന കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യത്തിന്‌ പ്രശ്‌നമൊന്നുമില്ല. കുട്ടികള്‍ സന്തോഷിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്‌. ഞാന്‍ ആരോഗ്യവാനാണെന്നു ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ നന്ദിപറയുന്നുണ്ട്‌. അതേസമയം, നാലുമാസത്തേക്കു കുട്ടികള്‍ക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ അധികൃതര്‍ സംഭരിച്ചിട്ടുണ്ട്‌.